modi

ഇന്റർനെറ്റ് അൽഗോരിതങ്ങളുടെ പ്രവർത്തന രീതി പലപ്പോഴും രസകരമാണ്. അത് പലപ്പോഴും നമ്മുടെ ചോദ്യങ്ങൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരങ്ങളാകും നൽകുക. അത്തരത്തിലൊരു രസകരമായ കാര്യമാണ് ഇന്നലെ സേർച്ച് എഞ്ചിനിലെ ഒരു 'തിരയൽ' ഫലത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം ഏതെന്നുള്ള ചോദ്യത്തിന് ഗൂഗിൾ ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ ഉത്തരം നൽകിയത് 'പ്രധാനമന്ത്രി നരേന്ദ്ര മോദി' എന്നാണ്‌.

2018 ഒക്ടോബറിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി വക്താവായ അവധൂത് വാഗ് നടത്തിയ ഒരു പ്രസ്താവനയാണ് ഗൂഗിളിനെ ഇത്തരത്തിൽ 'തെറ്റിദ്ധരിപ്പിച്ചത്'. അന്ന് മോദിയെ 'വിഷ്ണുവിന്റെ പതിനൊന്നാം അവതാരം' എന്നാണ് അവധൂത് വിശേഷിപ്പിച്ചിരുന്നത്. ശേഷം, ഹിന്ദു ദൈവങ്ങളെ ബി.ജെ.പി നേതാവ് അപമാനിച്ചു എന്നാരോപിച്ചുകൊണ്ട്‌ കോൺഗ്രസ് ഉൾപ്പെടെയുള്ള മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

modi2

'വിഷ്ണുവിന്റെ പതിനൊന്നാം അവതാരം' എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ ഇന്നലെ വരെ പ്രധാനമന്ത്രി മോദിയുടെ പേരാണ് അതിന് ഉത്തരമായി ലഭിച്ചിരുന്നത്. എന്നാൽ ഉത്തരത്തിന് താഴെയായ വരുന്ന വിശദീകരണം അവധൂത് വാഗിന്റെ പരാമർശത്തെ കുറിച്ച് തന്നെയാണ്. തുടർന്ന്, ഗൂഗിളിന് സംഭവിച്ച ഈ അബദ്ധം അൽപ്പനേരം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഏതായാലും ഇപ്പോൾ ഗൂഗിളിൽ ഇക്കാര്യം സേർച്ച് ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തന്നെയാണ് ലഭിക്കുന്നത്.