തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളുമായി കേരള പൊലീസ്. ഓണാഘോഷങ്ങൾ മൂലമുണ്ടാകുന്ന തിരക്കിനെ നിയന്ത്രിക്കാനാണ് കര്‍ശന നടപടികള്‍ പൊലീസ് സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണസദ്യയുടെയും മറ്റും പേരില്‍ കൂട്ടംകൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നിയന്ത്രണങ്ങള്‍ അതേപടി തന്നെ തുടരുമെന്നും ഓണത്തിന്റെ സമയത്ത് അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും പൊലീസ് മേധാവി അറിയിച്ചു.
എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാനും അനുമതിയുണ്ട് . കടകളില്‍ പ്രവേശിപ്പിക്കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണ്. മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും കേരള പൊലീസ് നിർദേശിച്ചിട്ടുണ്ട്.