
ന്യൂഡൽഹി :ഡൽഹിയിൽ കെജ്‌രിവാൾ സർക്കാരിനെതിരായ സമരത്തിൽ അണിചേരാൻ അണ്ണാ ഹസാരെയെ ക്ഷണിച്ച് ബി.ജെ.പി നേതൃത്വം. എന്നാൽ ബി.ജെ.പിയുടെ പ്രതീക്ഷകൾ തെറ്റിച്ച് അണ്ണ ഹസാരെ അഭ്യർത്ഥന തള്ളി. കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇത്തരമൊരാവശ്യം മുൻപോട്ട് വച്ചത് ദൗർഭാഗ്യകരമെന്ന് അണ്ണാ ഹസാരെ പറയുന്നു. ഡൽഹി ബി.ജെ.പി അദ്ധ്യക്ഷനയച്ച കത്തിലാണ് അണ്ണാ ഹസാരെ നിലപാടറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആം ആദ്മി സർക്കാരിനെതിരെ നടത്തുന്ന സമരത്തിൽ സഹകരിക്കണമെന്ന് അണ്ണാ ഹസാരെയോട് ബി.ജെ.പി ഡൽഹി ഘടകം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി പണമോ സ്വാധീനമോ ഒന്നുമില്ലാത്ത 83കാരനായ സന്യാസിയുടെ സഹായം തേടിയെത്തിയത് നിര്‍ഭാഗ്യകരമാണ്. എന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ ആദേഷ് ഗുപ്തയ്ക്കുള്ള കത്തില്‍ പറയുന്നു.
അണ്ണാ ഹസാരെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ബി.ജെ.പിക്കുള്ള മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഡൽഹി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയതായി പറയുമ്പോഴും നടപടി സ്വീകരിക്കാത്തതെന്നും എന്നും അണ്ണാ ഹസാരെ ചോദിക്കുന്നു.