
കൊൽക്കത്തയിലെ ഒരു കോളേജിൽ ബിരുദ പ്രവേശനത്തിനായി എത്തിയ വിദ്യാർത്ഥികൾ പ്രവേശന പട്ടിക കണ്ട് ഞെട്ടി.ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ സഹപാഠിയുടെ പേര് കണ്ട് ഞെട്ടിയത്. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കേൾക്കുമ്പോൾ കെട്ട് കഥ പോലെ തോന്നാം പക്ഷേ സംഭവം സത്യമാണ്. കോളേജ് പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സണ്ണിയുടെ പേര്.
അശുതോഷ് കോളജ് വ്യാഴാഴ്ച ഓൺലൈനിൽ പ്രസിദ്ധീകരിച്ച ബി.എ ഇംഗ്ലീഷ് ബിരുദ പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേര് ഇടംപിടിച്ചത്. ആപ്ലിക്കേഷൻ ഐ.ഡി, റോൾ നമ്പർ എന്നിവ ഉൾപ്പെടെയാണ് പട്ടികയിൽ സണ്ണിയുടെ പേര് ഉളളത്. സണ്ണിയുടെ കോളേജ് പ്രവേശനം വാർത്തയായതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തി.
എല്ലാവരേയും അടുത്ത സെമസ്റ്ററിൽ കാണാം, നിങ്ങൾ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തുന്നുണ്ട്. സണ്ണിയ്ക്ക് ഒപ്പം പഠിക്കാൻ കഴിയാത്തതിന്റെ ദുഃഖമാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തുന്നത്. താരമിപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം യു.എസിലാണ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കോളേജ് അധികൃതർ രംഗത്തെത്തി. ആരോ മനഃപൂർവം ചെയ്തതാണ്. ഇത് തിരുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.
See you all in college next semester!!! Hope your in my class ;) 😆😜
— sunnyleone (@SunnyLeone) August 28, 2020