popular-finance-fraud-cas

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയേലിന്റെ (തോമസ് ഡാനിയേൽ) മക്കളെ കൊച്ചിയിലെത്തിച്ചു. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽവച്ചാണ് റോയിയുടെ മക്കളായ റിനു മറിയം തോമസ്,റിയ ആൻ തോമസ് എന്നിവർ പിടിയിലായത്. നേരത്തെ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ കൂടുതൽ പേർ പരാതിയുമായി പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അടൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

എന്നാൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നതോടെ കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാദ്ധ്യതയുണ്ട്. പോപ്പുലർ ഫിനാൻസിന്റെ മുഴുവൻ ശാഖകളിലേയും നിക്ഷേപകരുടെ കണക്കുകൾ ശേഖരിച്ചാൽ മാത്രമെ കൃത്യമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുകയുള്ളൂ. അതേസമയം, പത്തനംതിട്ട സബ് കോടതിയിൽ റോയി ഡാനിയേൽ നൽകിയ പാപ്പർ ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹർജി പരിഗണിക്കും.