mullapall

തിരുവനന്തപുരം: പരസ്യപ്രസ്താവനകൾ വിലക്കി കെ പി സി സി അദ്ധ്യക്ഷൻ. സംഘടനാ വിഷയത്തിൽ സോണിയാഗാന്ധിക്ക് കത്ത് നൽകിയ ശശി തരൂരിനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ പ്രസ്താവനാ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് പരസ്യപ്രസ്താവനകൾ വിലക്കിക്കൊണ്ട് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ രംഗത്തെത്തിയത്.

'ഉൾപ്പാർട്ടി ജനാധിപത്യം അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പാർട്ടി വേദികളിൽ അഭിപ്രായം രേഖപ്പെടുത്താനുളള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പാർട്ടിയെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്. സംഘടനാപരമായ വിഷയങ്ങളിൽ പരസ്യപ്രസ്താവന നടത്തരുതെന്ന എ ഐ സി സിയുടെ നിർദേശം എല്ലാവരും പാലിക്കണം'- മുല്ലപ്പളളി ആവശ്യപ്പെട്ടു.

കത്തയച്ച പ്രശ്നത്തിൽ സോണിയാഗാന്ധിയുടെ നിർദേശപ്രകാരം വിവാദം അവസാനിപ്പിക്കുകയാണെന്ന് തരൂർ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ ലക്ഷ്യം വച്ച് പലനേതാക്കളും പ്രസ്താവന തുടരുകയാണ്. വിശ്വപൗരൻ എന്നുകരുതി എന്തും പറയരുതെന്നാണ് കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. സംഘടനയ്ക്ക് ഉളളിൽ നിന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയണമെന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു. അതിനിടെ തരൂരിനെ പിന്തുണച്ച് പി ടി തോമസും കെ എസ് ശബരീനാഥനും രംഗത്തുവരികയും ചെയ്തു.തരൂർ തിരുത്തിയത് അറിയാതെയാണ് വിഷയത്തിൽ കൊടിക്കുന്നിൽ പ്രതികരിച്ചതെന്നാണ് ചില നേതാക്കൾ പറയുന്നത്.