അഗർത്തല: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ. ത്രിപുരയിലാണ് സംഭവം. മുപ്പതുകാരനായ സഞ്ജിത് റിയാങ്ങിന്റെ മൃതദേഹമാണ് വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇയാളുടെ ഭാര്യ ഭാരതി റിയാങ്ങിനെ (25) അറസ്റ്റ് ചെയ്തു. യുവതി തന്നെയാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ചെളി പറ്റിയിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സഞ്ജിതിനെ ഭാരതി കൊലപ്പെടുത്തി,കിടപ്പുമുറിയിൽ കുഴിച്ചിട്ടത്. ശേഷം നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി, താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
കട്ടിയുള്ള വസ്തുവച്ച് തലയ്ക്ക് അടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ദമ്പതികൾക്ക് ആറ് വയസുള്ള ഒരു മകളുണ്ട്.