തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ചാനലിലൂടെ എത്തിച്ച പാഴ്സൽ മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിന്റെ ലോറിയിൽ മലപ്പുറത്തെത്തിച്ചതിൽ അന്വേഷണം മുറുക്കി കസ്റ്റംസ്. ഇതിന്റെ ഭാഗമായി നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന മതഗ്രന്ഥങ്ങളുടെ ഭാരം പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ആദ്യഘട്ടത്തിൽ മതഗ്രന്ഥത്തിന്റെ സാമ്പിൾ വരുത്തി കസ്‌റ്റംസ് തൂക്കം പരിശോധിച്ചു. 576 ഗ്രാമുള്ള പാഴ്സലാണ് പരിശോധിച്ചത്. ഇത്തരത്തിൽ 250 പാഴ്സലുകളാണ് തിരുവനന്തപുരത്ത് എത്തിയത്. ശേഷിക്കുന്ന പാഴ്സലുകളുടെയും ഭാരം പരിശോധിക്കും.
നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം കൊണ്ടുവന്നതും, മന്ത്രിയുടെ ഒത്താശയോടെ വിതരണം ചെയ്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റ് ജനറലുമായി നേരിട്ട് ഇടപെട്ടതുമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ജലീൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയത് കേന്ദ്രസർക്കാരും അന്വേഷിക്കുന്നുണ്ട്. യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിലും ചട്ടലംഘനമുണ്ട്. മാർച്ച് നാലിന് കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി-ആപ്റ്റിന്റെ ഓഫീസിലെത്തിച്ചെന്നും അവർ വെളിപ്പെടുത്തി. മതഗ്രന്ഥമെന്ന പേരിൽ 4479കിലോ കാർഗോ ഇറക്കിയതിന് ഡ്യൂട്ടിയിളവ് നൽകാൻ സർക്കാർ അനുവദിച്ചോയെന്ന് കണ്ടെത്തുന്നതിനായി പ്രോട്ടോക്കോൾ ഓഫീസറിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ തേടിയിരുന്നു. ഇല്ലെന്നായിരുന്നു അവർ മറുപടി നൽകിയത്.
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണ്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ ഒഴിവാക്കിയാണ് ജലീൽ യു.എ.ഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ജലീൽ പലവട്ടം ലംഘിച്ചെന്നും യു.എ.ഇ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ഇടപെട്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.