sashi-taroor

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം.പി ഉൾപ്പെടെയുള്ള 23 നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് പാർട്ടിക്കകത്ത് വലിയൊരു പൊട്ടിത്തെറി തന്നെയാണ് ഉണ്ടാക്കിയത്. തരൂരിന്റെ വീട്ടിൽ നടന്ന വിരുന്നിലാണ് ഇവർ കത്തെഴുതാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തരൂരിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് പരസ്യമായി രംഗത്തെത്തിയുരുന്നു. ഒരു ഗസ്റ്റ് ആർട്ടിസ്റ്റായാണു തരൂർ കോൺഗ്രസിലേക്കു വന്നതെന്നും, ഇപ്പോഴും അങ്ങനെ തുടരുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പരിഹസിച്ചിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പരിഹാസത്തിന് മറുപടി കൊടുത്തുകൊണ്ട് ശബരീനാഥൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. തരൂർ വിശ്വപൗരനാണെന്നും ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, യുവാക്കളുടെ സ്പന്ദനങ്ങൾ, ദേശീയതയുടെ ശരിയായ നിർവചനം ഇതെല്ലാം പൊതുസമൂഹത്തിനു ഏറ്റവും വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് അദ്ദേഹത്തിലൂടെയാണെന്നുമായിരുന്നു ശബരീനാഥന്റെ മറുപടി.

തരൂരിന് കോൺഗ്രസിൽ യൂത്ത് ഫാൻസ് കൂടിവരുന്നുവെന്നാണ് അദ്ദേഹത്തിന് ശബരീനാഥനെപ്പോലുള്ള യുവ നേതാക്കൾ നൽകുന്ന പിന്തുണയിൽ നിന്ന് മനസിലാക്കേണ്ടത്. പി.ടി തോമസ് എം.എൽ.എയും തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള കഠിന പ്രയത്നത്തിലാണ് കെ.പി.സി.സി.

പാർട്ടിക്കകത്തെ ഭിന്നത പരസ്യമായതോടെ താക്കീതുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കോൺഗ്രസ് സംഘടനാപരമായ കാര്യങ്ങളിൽ പരസ്യ പ്രസ്താവന വേണ്ടെന്ന് അദ്ദേഹം തരൂരിനെ 'പിന്തുണയ്ക്കുന്നവർക്കും', 'വിമർശിക്കുന്നവർക്കും' നിർദേശം നൽകി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.