തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഗ്രാഫിക്സ് വീഡിയോ തയ്യാറാക്കും. തീ പടർന്നതിന്റെ കാരണം വ്യക്തമാക്കുന്നതായിരിക്കും വീഡിയോ. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ഗ്രാഫിക്സ് പൂർണമാക്കുക. മൂന്ന് ദിവസത്തിനകം ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുമെന്നാണ് സൂചന. തീപിടിത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തി നശിച്ചിരുന്നു.
ഫോറൻസിക് റിപ്പോർട്ട് വന്നതിനുശേഷമാകും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൈമാറുക. സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ച സാമ്പിളുകൾ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിരുന്നു. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിന് സമീപത്തെ സിസിടിവി കാമറാ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. തീപടരുന്നതിനിടയാക്കുന്ന എന്തെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നോയെന്ന് ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്. അണുവിമുക്തമാക്കുന്നതിനായി ഉപയോഗിച്ച രാസലായനിയിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ അളവിൽ ആൾക്കഹോൾ സാന്നിദ്ധ്യമുണ്ടായിരുന്നോയെന്നും ഫോറൻസിക് പരിശോധിക്കും. ഇതിനായി ഇതിന്റെ സാമ്പിൾ ശേഖരിച്ചു.
പ്രോട്ടോക്കോൾ ഓഫീസിലെ ഫാനിന്റെ സ്വിച്ചിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അടച്ചിട്ട മുറിയുടെ ചുമരിലുണ്ടായിരുന്ന ഫാൻ കത്തി ഉരുകിയൊലിച്ച് കർട്ടനിലും പേപ്പറുകളിലും വീണാണ് തീ പടർന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സമാനമായ കണ്ടെത്തലാണ് അഗ്നിശമനസേനയുടേതും.