
തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ . പിടിയിലായവരിൽ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കളാണെന്നും മറ്റൊരുവിഭാഗം യു ഡി എഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ പരിഹസിച്ചു.
'അന്വേഷണം ശരിയായ വഴിക്കുതന്നെയാണ് പുരോഗമിക്കുന്നത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. അനിൽ നമ്പ്യാരെ ചോദ്യംചെയ്തത് അന്വേഷണത്തിന്റെ സ്വാഭാവിക നടപടിയാണ്. ജനം ടി വിയെ വരെ ഇതോടെ ബി ജെ പി തളളിപ്പറഞ്ഞു. ബി ജെ പി എന്താണെന്ന് എല്ലാവർക്കും ബോദ്ധ്യമായി. പെറ്റമ്മയെവരെ തളളിപ്പറയും -അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തിൽ ബി ജെ പി നടത്തുന്നത് നാണംകെട്ട ഒളിച്ചോട്ടമാണ്. കോൺഗ്രസും ബി ജെ പിയും ഇക്കാര്യത്തിൽ സയാമീസ് ഇരട്ടകളാണെന്നും രണ്ടുപേരുടെയും ലക്ഷ്യം സർക്കാരിനെ കരിവാരിത്തേക്കുക മാത്രമാണെന്നും കടകംപളളി കുറ്റപ്പെടുത്തി