secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ, വനിതാ ജീവനക്കാരുൾപ്പെടെ കഴിഞ്ഞ ദിവസം സംഘടനയുടെ നിർവ്വാഹകസമിതി യോഗത്തിൽ പങ്കെടുത്തവർ അങ്കലാപ്പിൽ. എല്ലാവരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി നിരന്തരം ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് സ്വന്തം സർവ്വീസ് സംഘടന പോലും വില കല്പിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.

35 പേരടങ്ങുന്ന നിർവ്വാഹകസമിതിയിലെ 30 പേരാണ് യോഗത്തിൽ പങ്കെടുത്തത്. സംഘടനയുടെ വാർഷിക സമ്മേളനം കൊവിഡിന്റെ പശ്ചാത്തലത്തിൽ നടത്തുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ചേർന്നതെങ്കിലും, പതിവ് പോലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പേരെടുത്ത് പറയാതെയുള്ള വിമർശനങ്ങൾ ഈ യോഗത്തിലുമുയർന്നു. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും മാസത്തിൽ രണ്ടും മൂന്നും തവണ നിർവാഹകസമിതി വിളിച്ചുചേർക്കുമെന്നാണ് പറയുന്നത്. വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം പോലും ഇതുവരെ ചേർന്നിട്ടില്ലെങ്കിലും അതിന്റെ പേരിൽ സെക്രട്ടേറിയറ്റിനകത്ത് പിരിവ് ഊർജ്ജിതപ്പെടുത്താനാണ് നേതൃത്വത്തിന്റെ കൊണ്ടുപിടിച്ച ശ്രമം. സമ്മേളനത്തിന് ബാഗ് വിതരണം ചെയ്യാനെന്ന പേരിൽ ചെലവായ 15 ലക്ഷം രൂപ തിരിച്ചു പിടിക്കാനാണിതെന്ന് സംഘടനയിലെ ഒരു വിഭാഗം ആരോപിക്കുന്നു.