trump

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആദ്യ ഏഷ്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസിന് യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂ ഹാംഷെയറിൽ നടന്ന റിപ്പബ്ലിക്കൻ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


യു.എസിൽ ഒരു വനിതാ വൈസ് പ്രസിഡന്റ് വരുന്നതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ട്രംപ്, തന്റെ മകളും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേഷ്ടാവുമായ ഇവാൻക ട്രംപ് അത്തരമൊരു സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാർത്ഥിയാകുമെന്ന് അഭിപ്രായപ്പെട്ടു.'ഞങ്ങൾക്ക് ഇവാൻകയെ വേണം എന്ന് എല്ലാവരും പറയുന്നു. ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല'- അദ്ദേഹം തന്റെ അനുയായികളോട് പ്രതികരിച്ചു.


'അവർ ആദ്യം ഒരു സുന്ദരിയായ ഒരു സ്ത്രീയെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുന്നു. തുടർന്ന് കമല തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ശക്തമായ പ്രചാരമാണെങ്കിലും, എത്ര വലിയ സുന്ദരിയാണെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ, 15, 12, 11, ഒൻപത്, എട്ട്, അഞ്ച്, മൂന്ന്, രണ്ട് എന്നിങ്ങനെ ജനപ്രീതിയിൽ അവർ താഴേക്ക് പോകുന്നു, 'അദ്ദേഹം പറഞ്ഞു,

പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നാമനിർദ്ദേശം ഔദ്യോഗികമായി അംഗീകരിച്ച ശേഷമുള്ള ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണിത്. പ്രസിഡന്റ് പദവി എന്താണെന്നുപോലും അറിയാത്തയാളാണ് ട്രംപ് എന്ന് കമല ഹാരിസ് നേരത്തേ വിമർശിച്ചിരുന്നു.

ഡെമോക്രാറ്റിക് പാട്ടിയുടെ പ്രസിഡന്റ് സ്ഥാനാത്ഥി ജോ ബൈഡനെയും ട്രംപ് കടന്നാക്രമിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചാൽ അമേരിക്കയുടെ മഹത്ത്വമാണ് നശിക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ്ഹൗസിലെ സൗത്ത് ലോണിൽ റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ സ്ഥാനാർഥിയായുള്ള നാമനിർദേശം ഔദ്യോഗികമായി സ്വീകരിച്ച് സംസാരിക്കവേയാണ് ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെതിരേ ആഞ്ഞടിച്ചത്.

'ദുർബലനായ സ്ഥാനാർഥിയാണ് ജോ ബൈ‍ഡൻ. അമേരിക്കയുടെ സ്വപ്നങ്ങൾ അയാൾ നശിപ്പിക്കും. ഒരർഥത്തിലും രാജ്യത്തിന്റെ രക്ഷകനാവാൻ ബൈഡന് കഴിയില്ല. ഡെമോക്രാറ്റുകൾ രാജ്യത്തെ നഗരങ്ങളിൽ അരാജകവാദികളെ തുറന്നുവിടും' ട്രംപ് പറഞ്ഞു.