big-tits-matter

നാട്ടിൽ സംഘടനകളെ തട്ടീട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ്. തുമ്മുന്നവർക്കും ചുമയ്ക്കുന്നവർക്കും പാേലും സംഘടനയുണ്ട്. എന്നാൽ അല്പം വ്യത്യസ്തമായ ഒരു സംഘടന രൂപീകരിച്ചിരിക്കുകയാണ് റഷ്യയിലെ ബ്യൂട്ടീഷൻ വിദ്യാർത്ഥിനിയായ അന്റോണിന ഡേവിഡോവ. സ്തന വലിപ്പം കൂടിവർക്കുവേണ്ടിയുളളതാണ് അന്റോണിന രൂപീകരിച്ച സംഘടന. പേര് ബിഗ് ടിറ്റ്സ് മാറ്റർ. ഇംഗ്ളീഷിൽ ടിറ്റ്സ് (Tits) എന്ന വാക്കിനർത്ഥം സ്തനങ്ങൾ എന്നാണ്. സംഘനയുടെ സ്ഥാപക പ്രസിഡന്റും ആദ്യ മെമ്പറുമാണ് കക്ഷി, അധികമാരും ഒപ്പം കൂടില്ലെന്ന് കരുതിയെങ്കിലും ഇപ്പോൾ മെമ്പർഷിപ്പെടുക്കാൻ ഇടിയോടിടിയാണത്രേ.

സ്തനവലിപ്പം കൂടിയതിന്റെ പേരിൽ നേരിടേണ്ടി വന്ന കളിയാക്കലുകളും അപമാനവുമാണ് സംഘടന രൂപീകരിക്കുന്ന തലത്തിലേക്കുവരെ കാര്യങ്ങൾ എത്തിയതെന്നാണ് അന്റോണിന പറയുന്നത്. തുറിച്ചുനോട്ടങ്ങൾ ഒഴിവാക്കി അവനവന് സൗകര്യപ്രദം എന്ന് തോന്നുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കാനുളള അവസരം ഉണ്ടാക്കുകയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

'വലിപ്പം കൂടിയതുമൂലം ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. എന്നാൽ ചിലർ എന്നെക്കാണുന്നത് മറ്റൊരു തലത്തിലാണ്. മോശം സ്വഭാവക്കാരിയായതിനാലാണ് വലിപ്പം കൂടിയത് എന്നുവരെ പറയുന്നു. സ്തനങ്ങൾ സ്ത്രീ ശരീരത്തിലെ ഒരു അവയവം മാത്രമായി കാണാൻ പുരുഷന്മാർ ശീലിക്കണം. ടി ഷർട്ട് ധരിച്ച് പുറത്തിറങ്ങിയാൽ തുറിച്ചു നോട്ടങ്ങൾ നേരിടേണ്ടി വരുന്നു. മാറിടങ്ങളിലേക്ക് അത്ഭുതംകൂറി പുരുഷന്മാർ നോക്കി നിൽക്കാറുണ്ട് -അന്റോണിന പറയുന്നു.

അമേരിക്കയിൽ ഇപ്പോൾ പുകഞ്ഞുകത്തിക്കൊണ്ടിരിക്കുന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രക്ഷോഭത്തിൽ നിന്നാണ് തന്റെ സംഘടനയ്ക്ക് അന്റോണിന പേരുസ്വീകരിച്ചത്. ഒരു കൂട്ടുകാരിയുമായി സംസാരിക്കെയാണ് ഐഡിയ കിട്ടിയത്.

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ശുദ്ധവായു നുകരാം എന്ന ആഹ്വാനത്തോടെയാണ് ബിഗ് ടിറ്റ്സ് മാറ്ററിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നത്. മികച്ച പ്രതികരണം ലഭിച്ചതോടെ വിപുലമായ ഭാവി പരിപാടികളും ആലോചിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ലോകത്തിലെ സ്ത്രീകളുടെ പ്രധാന സംഘടനകളിൽ ഒന്നായി ഇത് മാറും എന്ന പ്രതീക്ഷയും അന്റോണിനയ്ക്കുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുളള പ്രക്ഷോഭ പരിപാടികളും ലക്ഷ്യമിടുന്നുണ്ട്.