sreepadmanabhaswami-templ

തിരുവനന്തപുരം: ചരിത്രവും ഐതിഹ്യങ്ങളും നിറഞ്ഞ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള‌ള വാർത്തകൾ ലോകമാകെ അത്ഭുതത്തോെടെയാണ് കേട്ടത്. അത്യപൂർവ്വമായ സ്വർണ്ണാഭരണങ്ങളും രത്നങ്ങളും പവിഴങ്ങളും ഉണ്ടെന്ന വാർത്തയറിഞ്ഞ് മുൻപ് വിദേശങ്ങളിൽ നിന്നുപോലും ജനങ്ങൾ അവ ദർശിക്കാനുള‌ള സാദ്ധ്യത അന്വേഷിച്ചു. ഇവ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യത്തിന് ഇതാ അവസരം ഒരുങ്ങുകയാണ്.

'ബി' നിലവറയൊഴികെ മ‌‌റ്റ് വിവിധ നിലവറകളിലായുള‌ള നിധി ശേഖരം നേരിട്ട് കാണുന്ന അതേ പ്രതീതിയിൽ ത്രിമാനചിത്രങ്ങളായി വൈകാതെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.പുതിയ അധികാര സമിതി നിലവിൽ വന്നാലുടൻ 'ഒരു ത്രിമാന മ്യൂസിയം'തലസ്ഥാനത്ത് നിലവിൽ വരും.

ഓരോ നിലവറകളിലെയും ഓരോ നിധിയുടെയും വിവിധ ആംഗിളുകളിലെ ആറ് ചിത്രങ്ങൾ വീതം 45,000 ചിത്രങ്ങൾ പദ്മ‌നാഭസ്വാമിക്ഷേത്ര കേസ് കാലത്ത് കെൽട്രോൺ പകർത്തിയിട്ടുണ്ട്. ഇവയുടെ മൂന്ന് സെ‌‌റ്റ് ആണ് എണ്ണമുള‌ളത്. ഒന്ന് സുപ്രീംകോടതിയുടെ കൈവശവും മ‌‌‌റ്റൊന്ന് ബാംഗ്ളൂ‌ർ ഇന്ത്യൻ ഇൻസ്‌‌‌റ്റി‌റ്റ്യൂട്ട് ഓഫ് സയൻസിലും മൂന്നാമത് പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലുമാണത്. ഇവയിലെ ഒരു സെ‌‌‌‌റ്റ് ചിത്രങ്ങൾ രണ്ട് വർഷത്തിലൊരിക്കൽ മാറിമാറി പ്രദർശിപ്പിക്കും. 250-300 ചിത്രങ്ങളാണ് ഇങ്ങനെ പ്രദർശിപ്പിക്കുക. നിലവറയിൽ നിന്ന് നിധി കാണുന്ന അതേ പ്രതീതി ഈ ചിത്രങ്ങൾ കാണുമ്പോൾ അനുഭവവേദ്യമാകും.

രത്നങ്ങളും പവിഴങ്ങളും സ്വർണാഭരണങ്ങളും പെഡഗോഗ്‌സിന്റെ ആകൃതിയിലുള‌ള ലക്ഷക്കണക്കിന് ഷീ‌റ്റുകളും നിലവറയിലുള‌ളിലുണ്ട്. ഇവ സ്വർണത്തിലും വെള‌ളിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ഭഗവൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ശരപ്പൊളി മാലകളുടെ ശേഖരവും നിലവറയിലുണ്ട്. 18 അടിയാണ് ഇവയുടെ നീളം. ഇങ്ങനെ 2500 എണ്ണമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. നെന്മണി മാതൃകയിൽ നിർമ്മിച്ച സ്വർണം വിവിധ പെട്ടികളായി സൂക്ഷിച്ചിട്ടുണ്ട് ക്ഷേത്ര നിലവറകളിൽ. മൊത്തം 800 കിലോയാണ് ഇവയുടെ ഭാരം വരിക.

കൗതുകമുണർത്തുന്ന വിവിധ വസ്‌തുക്കളും നിലവറയിലുണ്ട്. 'സ്വർണതേങ്ങ' അത്തരത്തിൽ ഒന്നാണ്. സ്‌പർശിച്ച് നോക്കുമ്പോഴും ശരിയായ തേങ്ങയുടെ പ്രതീതിയാണ് ഇതിനുള‌ളത്. രാജഭരണകാലത്ത് പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ അവരുടെ ഭാരത്തിനൊത്ത സ്വർണം കാണിക്കയായി ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന ആചാരമുണ്ടായിരുന്നു. ഈ സ്വർണം അതിന് ശേഷം പൊൻപാത്രങ്ങളും കലങ്ങളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. ഇവയും നിധിശേഖരത്തിൽ കാണാം.

ഒന്നര ലക്ഷം കോടി വിലമതിക്കുന്ന നിധിശേഖരമാണ് നിലവറയിലുള‌ളതെന്നാണ് ഏകദേശ കണക്ക്. എന്നാൽ സംസ്ഥാനത്തെ മുൻചീഫ് സെക്രട്ടറിയും സുപ്രിംകോടതി നിധിശേഖരത്തിന്റെ കണക്കെടുക്കാൻ നിയോഗിച്ച സമിതി അംഗവുമായിരുന്ന കെ.ജയകുമാറിന്റെ അഭിപ്രായത്തിൽ അഞ്ച് ലക്ഷം കോടിയുടെയെങ്കിലും വിലമതിക്കും ഈ നിധിശേഖരം. ഇവ പുറത്തെടുക്കുന്നതും ജനങ്ങളെ അകത്ത് കയ‌റ്റിയുള‌ള പ്രദർശനം അനുവദിക്കുന്നതും സുരക്ഷിതമല്ലാത്തതിനാൽ തന്നെയാണ് ത്രിമാന ചിത്രങ്ങൾ ഒരുക്കാൻ ആലോചിക്കുന്നത്. ചിത്രങ്ങൾ മാത്രമല്ല വീഡിയോയും കാണിക്കാനാണ് ശ്രമം.

ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൊന്ന് 'ബി' നിലവറയിൽ പാമ്പുണ്ട്, കടൽവെള‌ളമുണ്ട് എന്നെല്ലാമാണ്. എന്നാൽ എ, ബി നിലവറകളെ വേർതിരിക്കുന്നത് ഒരേ ഭിത്തിയാണ്. ഇവിടെ യഥാർത്ഥമെന്ന് തോന്നിക്കും വലുപ്പത്തിൽ വലിയൊരു പാമ്പിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ആ രൂപത്തിന്റെ ചിത്രവും ഇതിൽ വന്നേക്കാം.

അറേബ്യൻ നാണയങ്ങളുടെ വൻ ശേഖരം ക്ഷേത്രത്തിലുണ്ട്. 1340ലെ ഒരുവശത്ത് യേശുക്രിസ്‌തുവിന്റെയും മറുവശത്ത് സെന്റ് ജോർജിന്റെയും രൂപം ആലേഖനം ചെയ്‌ത അപൂർവ സ്വർണനാണയവും ഇവിടുണ്ട്. ഇത്തരത്തിൽ വ്യത്യസ്‌തവും കൗതുകകരവുമായ നിധികൾ നിരവധിയാണ്. കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ ക്ഷേത്രത്തിന് പുറത്ത് ഒരിടത്ത് ഇവയുടെ പ്രദർശനം അനുമതി ലഭ്യമായ ഉടൻ ആരംഭിക്കും.