ദക്ഷിണാഫ്രിക്കയിലായിരിക്കെ മഹാത്മാഗാന്ധി ഉപയോഗിച്ച കണ്ണടയ്ക്ക് ലേലത്തിൽ കിട്ടിയത് 2.5 കോടി രൂപ (2.6ലക്ഷം പൗണ്ട്). ഹനമിലെ ഈസ്റ്റ് ബ്രിസ്റ്റൾ ഓക്ഷൻ സെന്റർ നടത്തിയ ഓൺലൈൻ ലേലത്തിലാണ് യു.എസ് പൗരൻ ഗാന്ധിക്കണ്ണട സ്വന്തമാക്കിയത്. ഓക്ഷൻ സെന്ററിന്റെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്.
ബ്രിസ്റ്റോൾ മാംഗോട്‌സ് ഫീൽഡിലെ ഒരു വൃദ്ധനാണ് കണ്ണട ലേലത്തിനു വച്ചത്. അദ്ദേഹത്തിന്റെ അച്ഛന്റെ അമ്മാവൻ 1910-30 കാലത്തു ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ ചെയ്ത സഹായത്തിനു പകരമായി ഗാന്ധിജി നൽകിയ സമ്മാനമായിരുന്നു ആ കണ്ണട.
സ്വർണം പൂശിയ വട്ടത്തിലുള്ള ഫ്രെയിമോടു കൂടിയ കണ്ണട എന്ന വിശേഷണത്തോടെ ലേലത്തിനു വയ്ക്കുമ്പോൾ പരമാവധി 15 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെന്ന് ലേലക്കമ്പനി ഉടമ ആൻഡി സ്റ്റോവ് പറഞ്ഞു. കണ്ണട സ്വന്തമാക്കാൻ ഇന്ത്യ, കാനഡ, യു.എസ്, റഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ആളുകൾ എത്തിയിരുന്നു.
മസ്ജിദുകളിലെ ഭീകരാക്രമണം:
പ്രതിക്ക് ജീവിതാവസാനം വരെ തടവ്
ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള 2 മസ്ജിദുകളിൽ ഭീകരാക്രമണം നടത്തിയ ഓസ്ട്രേലിയക്കാരനായ ബ്രന്റൻ ടെറാന്റിന് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ചു.
51 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ ടെറാന്റിന് (29) രാജ്യത്തെ പരമാവധി ശിക്ഷയാണു നൽകിയത്. ഇയാൾക്ക് പരോളും അനുവദിക്കില്ല.
ക്രൈസ്റ്റ്ചർച്ചിലുള്ള അൽ നൂർ, ലിൻവുഡ് എന്നീ മസ്ജിദുകളിൽ 2019 മാർച്ച് 15ന് വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ മലയാളി അടക്കം 5 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. കൊച്ചി മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ അൻസി (25), മഹബൂബ് ഖോക്കർ, റമീസ് വോറ, ആസിഫ് വോറ, ഉസൈർ ഖാദിർ എന്നിവരാണു മരിച്ച ഇന്ത്യക്കാർ.
ബ്ലാക്ക് പാന്തറിന് വിട
മാർവെൽ കോമിക് ലോകത്തെ കരിമ്പുലി ചാഡ്‌വിക് ബോസ്മാൻ വിടവാങ്ങി. ബ്ലാക് പാന്ത
റിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ചാഡ്‌വിക് അർബുദ രോഗത്തിന് കീഴടങ്ങിയത് കഴിഞ്ഞദിവസമാണ്. ക്യാപ്റ്റൻ അമേരിക്ക, സിവിൽവാർ 42, ഗെറ്റ് ഓണ്‍ അപ്, അവെഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, എൻഡ്‌ഗെയിം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ചാഡ് വിക്കിന്റെ ആരാധകരായി. നാലു വർഷം മുമ്പാണ് ചാഡ്‌വിക്കിന് കുടലിൽ കാൻസർ സ്ഥിരീകരിച്ചത്. ഫൈൻ ആർടിലും സംവിധാനത്തിലും ബിരുദം നേടിയ ചാഡ്‌വിക്ക് തേഡ് വാച്ച് എന്ന പരമ്പരയിലൂടെ 2003ലാണ് വെള്ളിത്തിരയിലെത്തിയത്.
ചൈനയിൽ ഇന്ത്യൻ ഡോക്ടറുടെ വെങ്കലപ്രതിമ
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ മാവോ സേ തുങ്ങിനൊപ്പം ചൈനീസ് വിപ്ലവത്തിലും രണ്ടാം ലോകയുദ്ധത്തിലും പങ്കാളിയായ ഇന്ത്യൻ ഡോക്ടർ ദ്വാരകാനാഥ് കോട്നിസിന്റെ വെങ്കലപ്രതിമ ചൈനയിൽ ഒരുങ്ങുന്നു.
വടക്കൻ ചൈനയിലെ ഹെബ്ബ പ്രവിശ്യയിലെ ഷിജിയഹുവാങ്ങിൽ മെഡിക്കൽ സ്കൂളിനുപുറത്ത് സ്ഥാപിക്കുന്ന പ്രതിമ സെപ്‌തംബറിൽ അനാച്ഛാദനം ചെയ്യുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയായ ദ്വാരകാനാഥ് 1938-ലാണ് ഡോക്ടർമാരുടെ അഞ്ചംഗ സംഘത്തിനൊപ്പം ചൈനയിലെത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ ചൈനയെ സഹായിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയച്ചതായിരുന്നു ഇവരെ.
1942-ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ദ്വാരകാനാഥ് അതേവർഷം തന്റെ 32-ാം വയസിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ചൈനീസ് സ്വദേശിനി ഗുവോ ക്യുഗ്ലാൻ 2012-ലാണ് അന്തരിച്ചത്.ദ്വാരകാനാഥിന്റെ പ്രതിമകളും സ്മാരകശിലകളും ചില ചൈനീസ് നഗരങ്ങളിലുണ്ട്.
കിം റിട്ടേൺസ്
തന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. റൂളിംഗ് വർക്കേഴ്സ് പാർട്ടിയുടെ മീറ്റിംഗ് വിളിച്ചു ചേർത്താണ് കിം തന്റെ വിമർശകർക്ക് മറുപടി നൽകിയത്. ഭരണം സഹോദരിയെ ഏൽപ്പിച്ചുവെന്നും കോമയിലാണെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് താൻ പൂർണ ആരോഗ്യവാനാണെന്നും ഉത്തരകൊറിയയിൽ ഒരു ഭരണ സ്തംഭനവുമില്ലെന്നും തെളിയിക്കാൻ കിം പൊതുവേദിയിൽ എത്തിയത്. കൊവിഡ് വ്യാപനത്തെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമാണ് കിം മീറ്റിംഗിൽ ചർച്ച ചെയ്തത്.