ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതമായതുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, അച്ചാറുകൾ, പച്ചടി, കിച്ചടി, അവിയൽ, സാമ്പാർ, തോരൻ, ഓലൻ, കാളൻ, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങൾ എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ.ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. കൊവിഡ് കാലത്ത് സുരക്ഷിതമായി ഓരോ കറിക്കൂട്ടും തയ്യാറാക്കുമ്പോൾ അവയുടെ ഗുണവും അറിയേണ്ടതുണ്ട്. ഓരോ വിഭവങ്ങളും അവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും അറിയാം.
തവിട് നീക്കാത്ത അരികൊണ്ടുളള ചോറ്
തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറിൽ ബികോംപ്ലക്‌സ് വിറ്റമിനുകളായ തയമിൻ, റൈബോഫ്‌ലവിൻ, നിയാസിൻ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ ഗ്ലൈസീമിക് സൂചകം കുറവായതിനാൽ പ്രമേഹ രോഗികൾക്കും ജീവിത ശൈലീരോഗം ഉള്ളവർക്കും ഗുണം ചെയ്യും. ഫൈറ്റോന്യൂട്രിയൻസിനാൽ സമ്പന്നമാണ് തവിട് കളയാത്ത അരി. ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ മാംഗനീസിന്റെ 80% തവിട് നീക്കാത്ത അരി നൽകും. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ട് വരാൻ സഹായിക്കുന്നു.
പരിപ്പ്, നെയ്യ്, പപ്പടം
സാധാരണയായി സദ്യകളിൽ ആദ്യം വിളമ്പുന്ന കറികളിൽ ഒന്നാണിവ. പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതിൽ ഇരുമ്പും പൊട്ടാസ്യവും ധാരാളമായിട്ടുണ്ട്. പരിപ്പിലുള്ള പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുന്നു.
നെയ്യിൽ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കാഴ്‌ച ശക്തിയ്‌ക്കും വിറ്റാമിൻ ഇ ചർമ്മത്തിനും വിറ്റാമിൻ ഡി കാത്സ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്.
ഇഞ്ചിക്കറി നൂറിന് സമം
ഇഞ്ചിക്കറി നൂറുകറികൾക്ക് തുല്യമാണ്. സദ്യകളിൽ ഇലയുടെ മൂലയ്ക്കാണ് സ്ഥാനമെങ്കിലും ദഹനത്തെ സഹായിക്കുന്നതിനാൽ ഇഞ്ചിക്കറി ഇല്ലാതെന്ത് സദ്യ. ഇഞ്ചിയിലുള്ള ആന്റീഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ എ, ഡി, ഇ, ബി, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങൾ എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്.
അച്ചാറുകളും കിച്ചടിയും പിന്നെ പച്ചടിയും
നാരങ്ങ, മാങ്ങ എന്നിവയിലുള്ള വിറ്റമിൻ സി, ഫ്‌ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. ധാതുലവണങ്ങൾ വിറ്റമിൻ ബി, പൊട്ടാസ്യം എന്നിവ ധാരാളമായി ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങിലെ സിട്രിക് ആസിഡ് ദഹനത്തിന് സഹായിക്കുന്നു.
വെള്ളരിയ്ക്ക, ബീറ്റ്‌റൂട്ട് എന്നിവയാണ് കിച്ചടിക്കായി ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാൻ സഹായിക്കും. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വെള്ളരിയ്ക്ക മുന്നിലാണ്. പച്ചടിയിൽ തന്നെയുണ്ട് പല വകഭേദങ്ങൾ. പൈനാപ്പിൾ, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേർത്ത് പച്ചടി തയ്യാറാക്കാവുന്നതാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ൻ എന്ന എൻസൈം ദഹനക്കേട് അകറ്റാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവയുണ്ട്. അൽഫാകരോട്ടീൻ, ബീറ്റാകരോട്ടീൻ, നാരുകൾ, വിറ്റമിൻ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാൽ ഫലപ്രദമാണ് മത്തങ്ങ. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിൻ എ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നു.
അവിയലും സാമ്പാറും
വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറ തന്നെയാണ് അവിയൽ. പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന അവിയൽ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു.
സാമ്പാർ സ്വാദിനു മാത്രമല്ല, ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ്. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാർ. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ടുതന്നെ പ്രോട്ടീൻ സമ്പുഷ്ടമാണ് സാമ്പാർ.
പുളിശ്ശേരി, മോര്, രസം
മോരിൽ ധാരാളം കാൽസ്യവും വിറ്റമിൻ ഡിയും ഉണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ മോരിലുണ്ട്. അവ കുടൽ സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതിൽ പൊട്ടാസ്യം, ഫോസ്‌ഫറസ്, സിങ്ക്, അയോഡിൻ, റൈബോഫ്‌ളൈവിൻ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളാൽ തയ്യാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.
ഒടുവിൽ പായസം
പായസമില്ലാതെ സദ്യ പൂർണ്ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങൾ ഒാണത്തിന് തയ്യാറാക്കാറുണ്ട്. അട പ്രഥമനും പാൽപ്പായസവുമാണ് പ്രധാനം. ശർക്കര ചേർത്ത് തയ്യാറാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ധാരാളമായുണ്ട്. കാത്സ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് പാൽപായസം.