പതിനേഴു വർഷം നീണ്ട അഭിനയ ജീവിതത്തിലെ അതുല്യമായ കഥാപാത്രങ്ങളെ ബാക്കിവച്ച്
ചാഡ് വിക് ബോസ്മാൻ യാത്രയായി.ബ്ലാക്ക് പാന്തർ ഇനി ഓർമ്മകളിൽ......
മാർവൽ കോമിക് ലോകത്തു നിന്ന് കരിമ്പുലിയുടെ വീറും കരുത്തുമായി പ്രേക്ഷകഹൃദയത്തിലേക്ക് കുതിച്ചെത്തിയ ബ്ലാക്ക് പാന്തർ പ്രിയ ചാഡ്വിക് ബോസ്മാന് വിട. കഴിഞ്ഞ നാലുവർഷമായി അർബുദരോഗവുമായുള്ള പോരാട്ടത്തിലായിരുന്നു ചാഡ്വിക്. തന്റെ സിനിമകളിലെ കഥാപാത്രങ്ങളെ പോലെ കരുത്തോടെയുള്ള ആ പോരാട്ടമാണ് ഇന്നലെ അവസാനിച്ചത്. പൊതുവേദികളിലോ സുഹൃത്തുക്കളുടെ മുന്നിലോ ചാഡ്വിക് തന്റെ രോഗത്തെപ്പറ്റി യാതൊരു സൂചനകളും പങ്കുവച്ചിരുന്നില്ല. ലോസ് ഏഞ്ചൽസിലെ വീട്ടിലായിരുന്നു കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ഹോളിവുഡ് താരത്തിന്റെ അന്ത്യം. യാഥാർഥ്യങ്ങളുടെ ലോകത്ത് നിന്ന് സൂപ്പർ നാച്ചുറൽ ലോകത്തേക്ക് 'ബ്ലാക്ക് പാന്തർ" യാത്രയായപ്പോൾ കുടുംബവും ലോകമെങ്ങുമുള്ള പ്രിയ ആരാധകരും കണ്ണീരോടെയാണ് വിട ചൊല്ലുന്നത്.
ഇലക്ട്രിക് യംഗ് ആക്ടർ ഇൻ ഹോളിവുഡ്
സൗത്ത് കരോലീനയിലെ ആൻഡേഴ്സണിൽ ജനിച്ച ബോസ്മാൻ ലോകസിനിമയിലേക്ക് സ്വപ്രയത്നം കൊണ്ടാണ് നടന്നു കയറിയത്. നടനായും നിർമ്മാതാവായുമെല്ലാം ലോകസിനിമയിൽ തന്നെ തന്റെ പേര് അടയാളപ്പെടുത്തിയതും കഠിനപ്രയത്നത്തിലൂടെയാണ്. ഹോളിവുഡ് അയാളെ 'ഇലക്ട്രിക് യംഗ് ആക്ടർ" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാരോലിന്റെയും ലെറോയ് ബോസ്മാന്റേയും ഏക മകനായി ജനിച്ച ചാഡ്വിക് തനിക്ക് ഒരു സൂപ്പർ പവർ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. നഴ്സായ മാതാവും ടെക്സ്റ്റൈൽസ് ഫാക്ടറി ജോലിക്കാരനായ പിതാവും ഒരിക്കൽ പോലും ചാഡ് വിക് ബോസ്മാനോട് സിനിമ ഒരിക്കലും കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത വിദൂരമായ സ്വപ്നമാണെന്ന് പറഞ്ഞിരുന്നില്ല. പകരം നിറയെ സ്വപ്നം കാണാൻ ചാഡ്വികിനെ അവർ പ്രേരിപ്പിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് ചാഡ് വികിനെ സ്വാഭാവിക നടനാകാൻ പിന്തുണച്ചതും.
ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അർപ്പണബോധവും കൊണ്ടാണ് ചാഡ്വിക് ആഗ്രഹിച്ച അഭിനയ ജീവിതം പൊരുതി നേടിയത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട വെള്ളിത്തിരയുടെ മായിക ലോകത്ത് എല്ലാം മറന്നു അഭിനയിക്കുമ്പോഴാണ് അപ്രതീക്ഷിത അതിഥിയായി കൊളോൻ അർബുദം ബോസ്മാനെ കീഴടക്കാനെത്തിയത്. ജീവൻ കവർന്നെടുക്കാനെത്തിയ രോഗത്തെയും ചിരിച്ചുകൊണ്ട് ഇച്ഛാശക്തിയോടെ ചാഡ്വിക് നേരിട്ടത്. നിങ്ങൾ ജീവിതത്തിലും സൂപ്പർ മാനെന്ന് ആരാധകർ ഉറക്കെ വിളിച്ചു പറഞ്ഞു. കീമോതെറാപ്പിയുടേതുൾപ്പെടെ കാൻസർ ചികിത്സയുടെ അസഹനീയ വേദനകളിലൂടെ കടന്നു പോകുമ്പോഴായിരുന്നു താരം 'ഡാ െെഫവ് ബ്ളഡ്സ് , മാ റൈനിസ് ബ്ലാക്ക് ബോട്ടം "തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വച്ചത്. താരത്തിന്റെ പ്രകടനത്തിന് ആർത്തുവിളിച്ച് ആവേശം വിതറിയ ആരാധകർ പോലും തങ്ങളുടെ പ്രിയസൂപ്പർ താരത്തിന്റെ രോഗാവസ്ഥ അറിഞ്ഞിരുന്നില്ല.
ടി.എൽ ഹന്നാ സ്കൂൾ പഠന കാലത്താണ് ചാഡ് വിക്ബോസ്മാൻ ആദ്യമായി ഒരു നാടകം രചിക്കുന്നത്. 'ക്രോസ് റോഡ് "എന്ന അദ്ദേഹത്തിന്റെ ആദ്യ ഡ്രാമ കണ്ട സഹപാഠികൾ അന്നേ ചാഡ് വിക് ബോസ്മാന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നു. 'ഷൈനിംഗ് സ്റ്റാർ" എന്ന പേരിലായിരുന്നു അവർ തങ്ങളുടെ കൂട്ടുകാരനെ അന്നേ വിശേഷിപ്പിച്ചിരുന്നത്. അത് സത്യമാകുകയും ചെയ്തു. അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടു തന്നെയാണ് ബോസ്മാൻ ഫൈനാർട്സും സംവിധാനവും പഠിച്ചതിന് കാരണമായതും. 2003 ൽ ടെലിവിഷൻ പരിപാടിയിലൂടെ ഹോളിവുഡിന്റെ ഭാഗമായി.നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ഹോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. 2008ൽ പുറത്തിറങ്ങിയ 'ദി എക്സ്പ്രസ് ദി ഏൺ ഡാവിസ് സ്റ്റോറി"യിലെ ഫ്ളോയിഡ് ലിറ്റിൽ എന്ന കഥാപാത്രമായാണ് ചാഡ് വിക് ബോസ്മാൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബേസ്ബോൾ ഇതിഹാസം ജാക്കി റോബിൻസണിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുളള 42 എന്ന ചിത്രത്തിലും സംഗീതജ്ഞൻ ജെയിംസ് ബ്രൗണിനെക്കുറിച്ചുളള ഗെറ്റ് ഓൺ അപ്പ് എന്ന ചിത്രത്തിലും നായകനായുളള ചാഡ്വിക് ബോസ്മാന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്.
പതിനേഴ് വർഷത്തെ സിനിമ ജീവിതത്തിൽ പതിനഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മാർവലിന്റെ സൂപ്പർഹീറോ കഥാപാത്രമായ ബ്ലാക്ക് പാന്തറിലെ നായകനെന്ന നിലയിലാണ് ചാഡ് വിക് ബോസ്മാൻ ഏറെ പ്രശസ്തനായത്.
കറുത്ത വംശജൻ സൂപ്പർ ഹീറോയായ, കറുത്ത വംശജൻ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു 2018ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തർ. അമേരിക്കയിൽ തുടങ്ങി ലോകമെങ്ങും ബ്ലാക്ക് പാന്തറെ ഹൃദയപൂർവം ഏറ്റെടുത്തു. 91ാമത് ഓസ്കാർ നോമിനേഷനിൽ മികച്ച ചിത്രത്തിന് അടക്കം ഏഴ് വിഭാഗങ്ങളിൽ ബ്ലാക്ക് പാന്തറിന് നോമിനേഷൻ ലഭിച്ചിരുന്നു.മാർവെൽ കോമിക്സിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു സൂപ്പർ ഹീറോ ചിത്രത്തിന് ഓസ്കാറിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചത്.
21 ബ്രിഡ്ജസ്, ഡാ ഫൈവ് ബ്ലഡ്സ്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, മാർഷാൽ, അവഞ്ചേഴ്സ് എൻഡ് ഗെയിം,മെസേജ് ഫ്രം ദ കിങ് എന്നിവയാണ് ചാഡ് വിക് ബോസ്മാന്റെ മറ്റ് പ്രധാന സിനിമകൾ.മാർവൽ സിനിമയിൽ ആഫ്രിക്കൻ പശ്ചാത്തലമുള്ള ആദ്യ സൂപ്പർ ഹീറോയായിരുന്നു ബ്ലാക്ക് പാന്തർ. ആ കഥാപാത്രത്തെ അസാധാരണ മികവോടെ അവതരിപ്പിച്ച പ്രിയ ചാഡ് വിക് നിങ്ങളുടെ അനശ്വരമായ കഥാപാത്രങ്ങളിലൂടെ ലോക സിനിമാസ്വാദകരുടെ മനസ്സിൽ നിങ്ങൾ എപ്പോഴും ജീവിക്കും.