sasitharoor

തിരുവനന്തപുരം: തരൂരിനെ വിമർശിച്ചതിൽ ഖേദിക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ദേശീയ നേതൃത്വത്തിൽ മാറ്റംവേണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ വിഷയത്തിലാണ് ശശി തരൂരിന് എതിരെ കൊടിക്കുന്നിൽ പരസ്യ പ്രസ്താവന നടത്തിയത്. 'തരൂരിന് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു. അദ്ദേഹത്തെ വ്യക്തിപരമായി മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. തരൂരിന്റെ നിലപാടുകളോടുളള വിയോജിപ്പ് തുടരും'- അദ്ദേഹം പറഞ്ഞു. ഒരു ഗസ്റ്റ് ആർട്ടിസ്റ്റായാണ് തരൂർ കോൺഗ്രസിലേക്ക് വന്നതെന്നും, ഇപ്പോഴും അങ്ങനെ തുടരുകയാണെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പരിഹാസം. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധി നേതാക്കൾ പ്രസ്താവനകൾ നടത്തിയിരുന്നു.

അതിനിടെ തരൂരിനെ പിന്തുണച്ച് യുഡി എഫ് കൺവീനർ ബെന്നി ബെഹനാൻ രംഗത്തെത്തി. കത്ത് നൽകിയതിന് ശേഷമുളള ഹൈക്കമാൻഡ് തീരുമാനം തരൂർ അംഗീകരിച്ചു. ഇതിന് ശേഷം വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു ബെന്നി ബെഹനാൻ പറഞ്ഞത്.

പാർട്ടിയിൽ പരസ്യപ്രസ്താവന നടത്തുന്നത് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വിലക്കിയിരുന്നു. എ ഐ സി സി നിർദ്ദേശം പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിവേദികളിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെന്നും പറഞ്ഞിരുന്നു.