mobile

ന്യൂഡൽഹി: കൊവിഡ് കാലത്ത് ഇന്ത്യയിൽ മൊബൈൽ വരിക്കാരുടെ എണ്ണം കുറയുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) റിപ്പോർട്ട്. മേയിൽ 57.6 ലക്ഷം വരിക്കാരാണ് കുറഞ്ഞത്. മൊത്തം വരിക്കാരുടെ എണ്ണം ഏപ്രിലിലെ 116.94 കോടിയിൽ നിന്ന് മേയിൽ 116.36 കോടിയായി താഴ്‌ന്നു.

ഏപ്രിലിൽ 85.3 ലക്ഷം പേരും സേവനം ഉപേക്ഷിച്ചിരുന്നു. വൊഡാഫോൺ-ഐഡിയയ്ക്കും എയർടെല്ലിനും 47 ലക്ഷം വീതം വരിക്കാരെ മേയിൽ നഷ്‌ടമായി. എയർടെല്ലിന് 31.7 കോടിയും വൊഡാഫോൺ - ഐഡിയയ്ക്ക് 30.9 കോടിയും വരിക്കാരാണുള്ളത്. റിലയൻസ് ജിയോയ്ക്ക് 36 ലക്ഷം പേരെ അധികമായി ലഭിച്ചു; മൊത്തം വരിക്കാർ 39.2 കോടി. പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ രണ്ടുലക്ഷം വരിക്കാരെ കൂടിച്ചേർത്ത്, മൊത്തം ഉപയോക്താക്കളുട എണ്ണം 11.9 കോടിയായി ഉയർത്തി.

മേയിൽ ലാൻഡ്‌ലൈൻ ഉപഭോക്താക്കളുടെ എണ്ണം 1.5 ലക്ഷം കുറഞ്ഞ് 1.97 കോടിയായി. ബി.എസ്.എൻ.എല്ലിന് 1.34 ലക്ഷം പേരെ നഷ്‌ടപ്പെട്ടപ്പോൾ ജിയോയ്ക്ക് 90,000 പേരെ ലഭിച്ചു. അതേസമയം, മേയിൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം ഏപ്രിലിലെ 67.6 കോടിയിൽ നിന്നുയർന്ന് മേയിൽ 68.3 കോടിയായി. മൊത്തം ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ 39.37 കോടിയും ജിയോയുടേതാണ്. ഭാരതി എയർടെൽ (14.59 കോടി), വൊഡാഫോൺ-ഐഡിയ (11.3 കോടി), ബി.എസ്.എൻ.എൽ (2.2 കോടി) എന്നിങ്ങനെയാണ് മറ്റു പ്രമുഖ കമ്പനികളുടെ എണ്ണം.

മൊബൈൽ വരിക്കാർ

(കോടിയിൽ)

റിലയൻസ് ജിയോ : 39.2

ഭാരതി എയർടെൽ : 31.7

വൊഡാ-ഐഡിയ: 30.9

ബി.എസ്.എൻ.എൽ : 11.9

ബ്രാൻഡ് ബാൻഡ്

(കോടിയിൽ)

റിലയൻസ് ജിയോ : 39.37

ഭാരതി എയർടെൽ : 14.59

വൊ‌ഡാ-ഐഡിയ : 11.3

ബി.എസ്.എൻ.എൽ : 2.2