manacud

തിരുവനന്തപുരം: ഓണകി‌‌റ്റിൽ വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വേണ്ടത്ര നിലവാരമില്ല എന്ന വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്.ഫേസ്ബുക്കിൽ പോസ്‌‌റ്റ് ചെയ്‌ത കുറിപ്പിൽ ഉപ്പുമുതൽ കർപ്പൂരം വരെ സാധനങ്ങൾക്ക് നികുതി നൽകുന്ന ജനങ്ങളുടെ നികുതിയാണ് ഖജനാവിലെ പണമെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കുകയാണ് മണക്കാട് സുരേഷ്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം താഴെ.

വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലെ!!! കാലം കരുതിവച്ച ചൊല്ല്. "കളളപ്പറയും ചെറുനാഴിയും എള്ളോളമില്ല പൊളിവചനം". മാവേലി നാടുവാണിടും കാലം ഇങ്ങനെയായിരുന്നു.എന്നാൽ കള്ളപ്പറ ഇന്ന് ആയിരം രൂപയുടെ ഓണകിറ്റിലുണ്ട്. 350 രൂപയുടെ ഭക്ഷ്യസാധനങ്ങൾക്ക് ആയിരം രൂപ വിലയിട്ട പിണറായി സർക്കാർ കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും സ്വപ്നാടകരുടെയും കൂടെയാണ്. ഗുണനിലവാരമില്ലാത്ത ശർക്കരയ്ക്ക് പുറമേ ഓണകിറ്റിലെ പപ്പടത്തിലും തീവെട്ടിക്കൊള്ള. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് ജനം നല്കുന്ന നികുതിയാണ് ഖജനാവിലെ പണം. അതു പലരൂപങ്ങളിൽ ജനങ്ങൾക്ക് തിരികെ കൊടുക്കേണ്ടിവരും. ഓണകിറ്റ് വിതരണവും അങ്ങനെ നികുതി പണം ഉപയോഗിച്ചു കൊണ്ട് നിർവ്വഹിക്കപ്പെടുന്ന ഒന്നാണ്.മറിച്ച് UAE കോൺസുലേറ്റ് വിതരണം ചെയ്യുന്ന തരത്തിലുള്ള കിറ്റുകളല്ല. അതിന് ലഭിക്കുന്ന തരത്തിലുള്ള പണമല്ലിതിന് ഉപയോഗിക്കുന്നത്.ഇത് പൊതുമുതൽ. തമിഴ്നാട്ടിൽ പായ്ക്കറ്റിന് 6.30 രൂപയ്ക്ക് ചില്ലറ വില്പ്പന വിപണിവിലയിൽ ലഭിക്കുന്ന പപ്പടമാണ് 9.62 രുപയ്ക്ക് മൊത്തവിലയ്ക്ക് വാങ്ങിയത്. കേരള പപ്പടത്തിനാണ് സപ്ലൈക്കോ ടെൻഡർ നല്കിയത് എങ്കിലും തമിഴ്നാട്ടിലെ ശ്രീശാസ്താ കമ്പനിയാണ് കരാർകാരൻ ഹഫ്സർ ട്രേഡിംഗ് കമ്പനി വഴി സപ്ലൈക്കോയ്ക്ക് കള്ള പപ്പടം നല്കിയിരിക്കുന്നത്.കേരള പപ്പടം എന്നു പേരുമാറ്റിയിട്ടുണ്ടെങ്കിലും തമിഴ് കമ്പനിയുടെ GST നമ്പർ തന്നെയാണ് പ്രസ്തുത പായ്ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 91 ലക്ഷം പപ്പട പായ്ക്കറ്റുകളാണ് ഓണകിറ്റിന് വേണ്ടി വാങ്ങിയിരിക്കുന്നത്. 3. 32 രൂപ വെട്ട്മേനി ( വെട്ടി വിഴുങ്ങൽ ) 91 ലക്ഷം × 3. 32 = എത്ര? ചെറിയൊരു പപ്പട കേസിലാണ് ഇത്രയും വലിയ വെട്ടിപ്പ്. ആരുടെ കാശ്???( ഈ വിവരങ്ങൾക്ക് കടപ്പാട് പിങ്കിബേബി മലയാള മനോരമ) ചെറിയൊരു പപ്പട ഇടപാട് ഇങ്ങനെയാണെങ്കിൽ അപ്പോ ലൈഫ് മിഷന്റെ കാര്യം പറയണോ? മാവേലി നാട്ടിൽ പഴഞ്ചൊല്ലുകളാണ് മേമ്പൊടിയെങ്കിൽ, പിണറായി നാട്ടിൽ കടങ്കഥകളാണ് മേമ്പൊടി. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല, ഉപ്പു തിന്നവൻ വെള്ളം കുടിക്കും, ഞെട്ടില്ലാ വട്ടയില, കാളകിടക്കും കയറോടും, E ഫയലിനെന്തോന്ന് തീ, സ്വപ്നക്ക് എന്തിന് ചങ്കരൻ, ഇദ്യാതി കടങ്കഥകൾ കടുകു വറുക്കുന്ന കേരള സർക്കാരിന്റെ മുഖ്യൻ പറയുന്നു എന്നെ കള്ളന്നെന്ന് വിളിക്കാനല്ലേ അവർ ശ്രമിച്ചത് എന്ന്. ആരാണവർ?? ജനം, പൊതുജനം, ഫോർ ദ പീപ്പിൾ ബൈ ദ പീപ്പിൽ എന്നാണ് മറിച്ച് ഫോർ ദ ഫൂൾസ് ബൈ ദ റാക്കറ്റ് എന്നല്ല. കള്ളത്തരങ്ങൾ ഓരോന്നായി മറനീക്കി പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനം അത്തരം ഒരു മാനസീകാവസ്ഥയിലേക്ക് പോയത് എന്ന് മുഖ്യന് നന്നായി ബോധ്യം വന്നിരിക്കുന്നു. ജനത്തിന്റെ മന:ശാസ്ത്രം ഇത്ര കിറുകൃത്യമായി പഠിച്ച, തന്നെക്കുറിച്ചുള്ള ജനത്തിന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് കൃത്യമായി ഊഹിക്കാനും അതു തുറന്നു പറയാനും കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ അതിനെയാണ് ഇരട്ട ചങ്കെന്ന് വിളിക്കേണ്ടത്?? ജനങ്ങൾക്ക് അതി ദുരിതമാണീ ഓണക്കാലം. കൊറോണ മാത്രമല്ലീ ദുരിതങ്ങൾക്ക് കാരണം. സർക്കാരിന്റെ പിടിപ്പ് കേടും കൊള്ളയടിയുമാണ് ഏറ്റവും മുഖ്യമായ കാരണം.2018-ലെ വെളളപ്പൊക്ക ദുരിതബാധിതരുടെ വേരറ്റുപോയ ജീവിതങ്ങൾക്ക് കൈതാങ്ങ് ആകേണ്ടിയിരുന്ന പ്രളയഫണ്ട് തട്ടിപ്പിന്റെ രണ്ടാംഘട്ട അന്വേഷണ വിവരം ക്രൈംബ്രാഞ്ച് ഇന്നലെ പുറത്ത് വിട്ടപ്പോൾ, സ്വിരീകരിച്ചപ്പോൾ ജനങ്ങൾ വീണ്ടും ഞെട്ടി. കള്ളപ്പറയും പൊളിവചനങ്ങളും കൊണ്ട് വീണ്ടും പാവങ്ങളുടെ നാലേകാൽ കോടി സഖാക്കൾ തിന്നുവെന്ന് ജനമറിയുന്നു. പ്രളയങ്ങൾ തുടർക്കഥ, ഉരുൾപൊട്ടൽ തുടർക്കഥ, കൊള്ളയടി തുടർക്കഥ, തൊഴിൽ തട്ടിപ്പ് തുടർക്കഥ, ബാലപീഢനം തുടർക്കഥ, രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥ ഇങ്ങനെയുള്ള ഈ നാട്ടിൽ ജനങ്ങൾ മനസ്സമാധാനത്തോടെ ഏതെങ്കിലും ഒരു വിശേഷം കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഇടവേളയിൽ ആഘോഷിച്ചിട്ടുണ്ടോ? ഈ ഓണക്കാലത്ത് ഓരോ കോൺഗ്രസ്സ്കാരനും മനസ്സിന് സന്തോഷം നല്കുന്ന ഏക കാര്യം പെരിയ സഹോദരന്മാർക്ക് നീതിക്കായ് വാതിൽ തുറക്കപ്പെട്ടുവെന്നതാണ്. 88 ലക്ഷം രുപ പൊതുമുതൽ മുടക്കി ഡൽഹി അഭിഭാഷകരെ കൊണ്ടുവന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും ജീവനെ അപമാനിക്കാൻ ശ്രമിച്ച കഠാര രാഷ്ട്രീയത്തിനേറ്റ കനത്ത ആഘാതമാണ് ഡിവിഷൻ ബെഞ്ചിൻ്റെ വിധി. ലക്ഷങ്ങൾ ചിലവാക്കി, എന്നിട്ടെന്തായി ദൈവം വിട്ടോ? ധർമ്മത്തെ എത്ര കപടോപായങ്ങൾ കൊണ്ട് തകർത്താലും അത് നിലനില്ക്കുക തന്നെ ചെയ്യും. ദുരന്തങ്ങളുടെ ഈ തനിയാവർത്തന കാലത്ത് ഒരുനല്ല നാളേക്കായ് കാത്തിരിക്കാം. ഓണം വരും വിഷു വരും സർവ്വ ഉത്സവങ്ങളും വരും കാരണം കാലചക്രം ഇനിയും ഉരുളും... ദിനരാത്രങ്ങൾക്ക് വിശ്രമമില്ലെങ്കിൽ....! മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി.