google-pay-

ന്യൂഡൽഹി : ഇന്ത്യയിൽ ഗൂഗിൾ പേ പ്ലാറ്റ്ഫോമിന്റെ ഉപയോഗത്തിൽ പുതിയ ഫീച്ചറുകൾ ചേർത്ത് വികസിപ്പിക്കനൊരുങ്ങി ഗൂഗിൾ. ഉടൻ തന്നെ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനത്തെക്കാൾ കൂടുതൽ മുന്നേറനാണ് ഗൂഗിൾ പേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് എൻ.എഫ്.സി സിസ്റ്റം ( നിയർ ഫീൽ‌ഡ് കമ്മ്യൂണിക്കേഷൻ)​ വഴി കാർഡ് പേയ്മെന്റ് ഓപ്ഷനുകൾ ഉപയോഗിക്കാൻ അവസരമൊരുക്കും. ഇതേ പറ്റി ഔദ്യോഗികമായ അറിയിപ്പുകൾ വന്നിട്ടില്ല. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പേയ്മെന്റ് ഓപ്ഷനുകളെ സംബന്ധിച്ച സപ്പോർട്ട് പേജുകൾ ലഭ്യമാകുന്നുണ്ട്.

പേയ്മെന്റിനായി കാർഡ് സജ്ജീകരിക്കുന്നതിന് മുന്നേ ഒരു വേരിഫിക്കേഷൻ പ്രക്രിയയിലൂടെ ഉപഭോക്താവിന് കടന്നുപോകേണ്ടി വരും. ബാങ്കിൽ നിന്നും ലഭിച്ച ഒ.ടി.പി നമ്പർ ഇതിന് ആവശ്യമാണ്. ഉപഭോക്താക്കളുടെ കാർഡ് രജിസ്റ്റർ ആയിക്കഴിഞ്ഞാൽ എൻ.എഫ്.സി എനേബൽഡ് ടെർമിനലുകളിലൂടെ ഗൂഗിൾ പേ വഴി പണം അടയ്ക്കാൻ സാധിക്കും. ഈ സംവിധാനം ഗൂഗിൾ വ്യാപിപ്പിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു മാസത്തോളമായ ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ കാണാൻ സാധിക്കുന്നുണ്ട്. പുതിയ ഫീച്ചർ ചിലരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്. പുതിയ ഫീച്ചറുകളുടെ പ്രഖ്യാപനം ഗൂഗിൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.