trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ കമലാ ഹാരിസിനെക്കാൾ യോഗ്യത തന്റെ മകൾ ഇവാൻക ട്രംപിനാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂഹാംഷിയറിൽ നടന്ന പ്രചാരണ പരിപാടിക്കിടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ കമലഹാരിസ് അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സർവഥാ യോഗ്യയാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ട്രംപ് ആഞ്ഞടിച്ചത്.

നിലവിൽ വൈറ്റ് ഹൗസ് അഡ്വൈസർ കൂടിയാണ് ഇവാൻക.

'എനിക്കും അമേരിക്കയിൽ ആദ്യമായി വനിത പ്രസിഡന്റായി കാണണമെന്ന് ആഗ്രഹമുണ്ട്. അതിന് കമലയെപ്പോലെ ഒട്ടും കഴിവില്ലാത്ത ആളെയല്ല ചൂണ്ടിക്കാട്ടേണ്ടത്. കഴിഞ്ഞ തവണ കമല മത്സരിച്ചപ്പോൾ ജനപ്രീതി കുറഞ്ഞതിനെ തുടർന്ന് പുറത്തുപോയിരുന്നു. അത്തരമൊരു ആളെയാണ് ഡെമോക്രാറ്റിക് പാർട്ടി തങ്ങളുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. അതിനെക്കാൾ എന്തുകൊണ്ടും യോഗ്യയാണ് എന്റെ മകൾ ഇവാൻക ട്രംപ്. ഓരോ പ്രചാരണ പരിപാടിയിലും നിങ്ങൾ 'വി വാണ്ട് ഇവാൻക" എന്ന് പറയുന്നത് അഭിമാനത്തോടെയാണ് ഞാൻ കാണുന്നതും കേൾക്കുന്നതും.' എന്നാണ് ട്രംപ് പറഞ്ഞത്.

അതു മാത്രമല്ല, കമലയുടെ ജനപ്രീതി പതിനൊന്നിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റേത് വീണ്ടുവിചാരമില്ലാത്ത വാക്കുകളാണെന്ന് കമലാ ഹാരിസ് തിരിച്ചടിച്ചു.

വളരെ ഉത്തരവാദിത്വപ്പെട്ട പദവിയാണ് യു.എസ് പ്രസിഡന്റിന്റേത്. ആ പദവിയിലിരുന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും കമല പറഞ്ഞു.