boseman

വാഷിംഗ്ടൺ: 'ബ്ലാക്ക് പാന്തർ" എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ലോകപ്രശസ്‌ത ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്‌മാൻ (43) അന്തരിച്ചു. നാല് വർഷമായി വൻ കുടലിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ലോസാഞ്ചലസിലിൽ വച്ചായിരുന്നു മരണം.

1976 നവംബർ 29ന് സൗത്ത് കരോലിനയിൽ ജനിച്ച ചാഡ്‌വിക് കടുത്ത ദൈവിശ്വാസിയായിരുന്നു. നടനായ ശേഷവും അദ്ദേഹം തന്റെ വിശ്വാസത്തെ മുറുകെ പിടിച്ചിരുന്നു. ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാ‌ഡ്‌വിക്കിന് സംവിധാനം, എഴുത്ത് എന്നീ മേഖലകളോടായിരുന്നു താത്പര്യം. എന്നാൽ, അദ്ദേഹം ശോഭിച്ചത് അഭിനയത്തിലായിരുന്നു.

2003ൽ 'ആൾ മൈ ചിൽഡ്രൻ" എന്ന ടെലിവിഷൻ സീരിസിലൂടെ അഭിനയരംഗത്തെത്തിയ ചാ‌ഡ്‌വിക് 2008ൽ 'ദ എക്സ്‌പ്രസ്: ദ ഏണി ‌ഡേവിസ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ ചുവടുറപ്പിച്ചു. അതിഭാവുകത്വം കലരാത്ത അഭിനയത്തിലൂടെ ചാഡ്‌വിക് ഏവർക്കും പ്രിയങ്കരനായി. കരിയറിൽ തിളങ്ങി നിന്ന 2016ലാണ് അദ്ദേഹത്തിന് കാൻസർ മൂന്നാം ഘട്ടത്തിലെത്തിയത്. എന്നാൽ, ജീവിതത്തിലും സൂപ്പ‌ർ ഹീറോയായിരുന്ന ചാഡ്‌വിക് ഒട്ടും തളർന്നില്ല, അസുഖത്തെക്കുറിച്ച് കുടുംബത്തെയല്ലാതെ ആരെയും അറിയിച്ചുമില്ല. അതേ വർഷം തന്നെ മാർവലിന്റെ 'ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ" വക്കാന്തയുടെ രാജകുമാരനായ 'ടി ചല്ല" എന്ന ബ്ലാക്ക് പാന്തറായി ചാ‌ഡ്‌വിക് രംഗപ്രവേശം ചെയ്തു.

കാൻസർ തന്നെ കാർന്നു തിന്നുമ്പോഴും കാൻസർ രോഗികളായ കുട്ടികളെ സന്തോഷിപ്പിക്കാനായി ബ്ലാക്ക് പാന്തർ വേഷമണിഞ്ഞ് അദ്ദേഹം ആശുപത്രികളിൽ എത്തിയിരുന്നു.

2017ൽ പുറത്തിറങ്ങിയ 'ബ്ലാക്ക് പാന്തർ" ചാ‌ഡ്‌വിക്കിന്റെ കരിയർ തന്നെ മാറ്റി മറിച്ചു. ആഫ്രിക്കൻ ശൈലിയിലുള്ള ഇംഗ്ലീഷും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീനുകളും അതിലുപരി ചാഡ്‌വിക്കിന്റെ പ്രകടനവും ബ്ലാക്ക് പാന്തറിനെ ലോകത്തേറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒൻപതാമതെത്തിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മാർവൽ സൂപ്പർ ഹീറോകളിൽ ഒന്നായി ബ്ലാക്ക് പാന്തർ മാറി. സിനിമയിലെ 'വക്കാണ്ട ഫോർ എവർ' എന്ന ഡയലോഗ് ലോകപ്രശസ്തമായി. പിന്നീട്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിലും, അവഞ്ചേഴ്സ് എൻഡ് ഗെയിമിലും ചാ‌ഡ്‌വിക് 'ബ്ലാക്ക് പാന്തറായെത്തി".

ഡ ബ്ലഡ്, 21 ബ്രിഡ്ജസ്, ഗോഡ്സ് ഒഫ് ഈജിപ്റ്റ്, 42 എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. മാ റെയ്നീസ് ബ്ലാക്ക് ബോട്ടമാണ് അവസാന ചിത്രം. ഇത് പുറത്തിറങ്ങിയിട്ടില്ല. 2019ൽ ഗായികയായ ടെയ്ലർ സിമൻ ലെഡ്‌വാ‌ഡിനെ വിവാഹം ചെയ്തു.

സിനിമയാകുന്നതിന് മുമ്പേ തന്നെ
ഞാൻ ബ്ലാക്ക് പാന്തറാകാൻ ആഗ്രഹിച്ചിരുന്നു. ആ കഥാപാത്രം എനിക്ക് തന്നെ

കിട്ടണേയെന്ന് പ്രാർത്ഥിച്ചിരുന്നു

- ചാഡ്‌വിക് ബോസ്മാൻ