sweeden-riot

സ്റ്റോക്ക്‌ഹോം: തെക്കൻ സ്വീഡിഷ് നഗരമായ മാൽമോയിൽ ഒരു വിഭാഗം വലത് ആക്ടിവിസ്റ്റുകൾ നടത്തിയ പ്രതിഷേധത്തിനിടെ 'ഒരു മതവിഭാഗത്തിന്റെ' വിശുദ്ധ ഗ്രന്ഥം കത്തിച്ചത് കലാപത്തിനിടയാക്കി.300ഓളം പ്രതിഷേധക്കാർ സ്ഥലത്ത് തടിച്ചുകൂടുകയും പൊലീസിന് നേർക്ക് കല്ലും മറ്റ് സാധനങ്ങളും വലിച്ചെറിയുകയും കാർ ടയറുകൾ കത്തിക്കുകയും ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 15പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

കലാപം നിയന്ത്രണവിധേയമായിട്ടില്ലെന്നും എന്നാൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയാണെന്നും പൊലീസ് വക്താവ് അറിയിച്ചു.

മാൽമോ നഗരത്തിൽ വെള്ളിയാഴ്ച ചില വലതുപക്ഷ ആക്ടവിസ്റ്റുകൾ 'മതഗ്രന്ഥം' കത്തിച്ചിരുന്നു. തുടർന്ന് കുടിയേറ്റക്കാർ ധാരാളമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

മാൽമോയിൽ വെള്ളിയാഴ്ച നിരവധി മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ നടന്നെന്നാണ് ആഫ്ടോൺബ്ലാഡേ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. നഗരചത്വരത്തിൽ നടന്ന റാലിക്കിടെ മൂന്നുപേർ മതഗ്രന്ഥത്തിന്റെ കോപ്പിയിൽ തൊഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ഡെന്മാർക്കിലെ തീവ്രവലതുപക്ഷ കുടിയേറ്റ വിരുദ്ധ പാർട്ടിയുടെ (ഹാർഡ് ലൈൻ) തലവനായ റാസ്‌മസ് പലുദാൻ മാൽമോയിൽ മുസ്ളിം വിരുദ്ധ പരിപാടി നടത്താൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നഗരത്തിൽ മതഗ്രന്ഥം കത്തിച്ചതടക്കമുള്ള പ്രതിഷേധ പ്രവർത്തനങ്ങൾ നടന്നത്.

പലുദാൻ രണ്ടുവർഷത്തേക്ക് സ്വീഡനിൽ കടക്കുന്നത് വിലക്കിയതിനാൽ ഇയാളെ അധികൃതർ സ്വീഡിഷ് അതിർത്തിയിൽ വച്ച് തടഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇയാളെ പിന്നീട് മാൽമോയ്ക്ക് സമീപം വച്ച് അറസ്റ്റ് ചെയ്തു.

'സ്വീഡനിൽ കടക്കരുതെന്ന വിലക്ക് ലംഘിച്ചതിനാണ് അറസ്റ്റെന്ന് ' പൊലീസ് പിന്നീട് വ്യക്തമാക്കി.

യൂറോപ്പിലേയ്ക്ക് മുസ്ലിങ്ങളെയും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും കുടിയേറ്റത്തിനെതിരെ തീവ്രവലതുപക്ഷ നിലപാടുകൾ വച്ചു പുലർത്തുന്ന പാർട്ടിയാണ് ഹാർഡ് ലൈൻ.

എന്നാൽ പലുദാനെ പിന്തുണയ്ക്കുന്നവരും ഹാർഡ് ലൈൻ പ്രവർത്തകരും പ്രതിഷേധറാലിയുമായി മുന്നോട്ട് പോകുകയും മതഗ്രന്ഥം കത്തിക്കുകയുമായിരുന്നു. ഇത് പിന്നീട് കലാപത്തിലേക്ക് നയിച്ചു.