indhulekha

നടൻ ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യർ ഗായികയുടെയും സംഗീത സംവിധായികയുടെയും റോളിൽ. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'ദുനിയാവിന്റെ ഒരറ്റത്ത്' എന്ന ചിത്രത്തിലാണ് ഇന്ദുലേഖ ഡബിൾ റോളിൽ തിളങ്ങുന്നത്. ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങളുടെ നിർമ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദന്റെതാണ് വരികൾ.

ഇന്ദുലേഖ ‌ഈണം നൽകുകയും ആലപിക്കുകയും ചെയ്ത പാട്ടുപെട്ടിക്കാരാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയാേ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രശസ്ത സംഗീത സംവിധാകൻ എം ജയചന്ദ്രനുൾപ്പടെയുളള നിരവധി പ്രശസ്തർ അഭിനന്ദനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലും അഭിനന്ദന പ്രവാഹമാണ്.

ശ്രീനാഥ് ഭാസി,സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സഫീർ റുമനെ, പ്രശാന്ത് മുരളി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനീഷ് നാരായണനാണ്. സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷൻസ്, കാസ്റ്റലിസ്റ്റ് എന്റർടൈയ്ൻമെന്റ് എന്നിവയുടെ ബാനറിൽ ലിന്റോ തോമസ് ,പ്രിൻസ് ഹുസൈൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.