petrol

കൊച്ചി: കൊവിഡും പ്രാദേശിക ലോക്ക്ഡൗണും മൂലം ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് നടപ്പു സാമ്പത്തിക വർഷം 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്‌ന്നേക്കുമെന്ന് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ. 2019-20ലെ മൊത്തം വില്പനയുടെ പരമാവധി 90 വരെ ശതമാനം വില്പനയാണ് നടപ്പുവർഷം പ്രതീക്ഷിക്കുന്നതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ കണക്കുകൂട്ടുന്നു.

ലോക്ക്ഡൗൺ മൂലം ഇന്ത്യയിലെ മൊത്തം ചരക്കുനീക്ക ട്രക്കുകളിൽ പാതിയോളവും ഓടുന്നില്ല. ഉയർന്ന ഡീസൽ വിലയും തിരിച്ചടിയാണ്. മൊത്തം ഇന്ധന വില്പനയുടെ 40 ശതമാനമാണ് ഡീസലിന്റെ പങ്ക്. ഡീസൽ വില്പന ഇടിയുന്നത് മൊത്തം ഉപഭോഗത്തിൽ കുറവുണ്ടാക്കും.

ഏപ്രിലിന് ശേഷം ദേശീയ ലോക്ക്ഡൗണിൽ ഇളവുണ്ടായത് മുതൽ ഇന്ധന വില്പന 70-80 ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത്, പൂർണതോതിൽ എത്താൻ അടുത്തവർഷമേ സാദ്ധ്യതയുള്ളൂ. ലോക്ക്ഡൗണും ചരക്കുനീക്കത്തിലെ തടസവും മൂലം ട്രക്കുകളുടെ വില്പനയും കുറഞ്ഞിട്ടുണ്ട്. മഹീന്ദ്ര, ടാറ്റ, അശോക് ലെയ്‌ലാൻഡ് എന്നിവയുടെ വില്പന ഏപ്രിൽ-ജൂലായിൽ 90 ശതമാനം വരെ കുറഞ്ഞു.