couples

ക്വിറ്റോ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യജീവിതത്തിന് ഉടമകളെന്ന ഗിന്നസ് ബുക്ക് റെക്കാഡ് ഈ ഇക്വഡോറിയൻ ദമ്പതികൾക്ക് സ്വന്തം. 79 വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ജൂലിയോ മോറ- വാൽഡമീറ ക്വിന്റെറോസ് ദമ്പതികളാണ് അപൂർവ നേട്ടത്തിന് അർഹരായത്.

വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് 1941 ഫെബ്രുവരി 7ന് ഇരുവരും വിവാഹിതരായത്. അന്ന് ജൂലിയോയ്ക്ക് 31ഉം വാൽഡമീറയ്ക്ക് 26ഉം വയസാണ് പ്രായം. അന്നു മുതൽ ഇന്നുവരെ ഇരുവരും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ് ഇവരുടെ ജീവിതം ഗിന്നസ് ബുക്കിലെത്തിച്ചത്. നാലു മക്കളും 11 പേരക്കുട്ടികളും 26 കൊച്ചുക്കളും അവരുടെ മക്കളുമാക്കെയായി മോറ കുടുംബം ഇന്ന് വളരെ വലുതാണ്. ഗിന്നസ് ബുക്കിലെത്തിയ നേട്ടം തങ്ങൾക്ക് ആഘോഷിക്കാൻ കഴിയുന്നില്ലെന്നാണ് ദമ്പതികൾ പറയുന്നത്. ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണ നിയമങ്ങളുമൊക്കെ കാരണം മക്കളും പേരക്കുട്ടികളുമൊക്കെ പലയിടത്താണ്. അവർ ഒന്നിച്ചെത്തിയിട്ടു വേണം അടിപൊളി ആഘോഷം സംഘടിപ്പിക്കാൻ. ആദ്യം കണ്ടുമുട്ടിയപ്പോഴുണ്ടായ പ്രണയം ഇപ്പോഴും തങ്ങളിൽ നിലനിൽക്കുന്നതാണ് ബന്ധത്തിന്റെ അടിത്തറയെന്നും നൂറു കടന്ന ദമ്പതികൾ പറയുന്നു.