jacob-blake

‌വിസ്കോൻസിൻ: അമേരിക്കയിലെ കെനോഷ നഗരത്തിൽ പൊലീസ് ഏഴുതവണ വെടിവച്ചതിനെ തുടർന്ന് അരയ്ക്ക് താഴോട്ട് ചലനം നഷ്ടമായ ജേക്കബ് ബ്ളേക്കിന് (29) ഇനി എഴുന്നേറ്റ് നടക്കാനാവില്ലെന്ന് ഡോക്ടർമാർ. ആശുപത്രിക്കിടക്കയിലും ബ്ളേക്കിന്റെ കയ്യിൽ വിലങ്ങണിയിച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്നലെ വിലങ്ങ് നീക്കി. ഒരു കയ്യിൽ വിലങ്ങണിയിച്ച് ആശുപത്രിക്കിടക്കയോട് ചേർന്ന് ബന്ധിച്ചിരിക്കുകയായിരുന്നു ഇതുവരെ.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടതിനാലാണ് ബ്ളേക്കിനെ വിലങ്ങണിയിച്ചതെന്നാണ് പൊലീസ് വാദം. ആശുപത്രിയിൽ ബ്ളേക്കിനെ പൊലീസ് ഉദ്യോഗസ്ഥർ സദാസമയവും നിരീക്ഷിക്കുകയും സന്ദർശകരെ നിയന്ത്രിക്കുകയും ചെയ്തിരുന്നതായി ബ്ളേക്കിന്റെ പിതാവ് വെളിപ്പെടുത്തി.

'അവൻ ആഗ്രഹിച്ചാൽക്കൂടി അവനിനി എഴുന്നേറ്റ് നടക്കാനാകില്ല. ഇനി കിടക്ക മാത്രമാണ് അവനാശ്രയം. ജീവനെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസ് ഏഴ് തവണ വെടിവച്ചത്. അവന്റെ മൂന്നു മക്കൾ ഇതിന് സാക്ഷികളായി. ഏറ്റവും മുതിർന്ന കുട്ടിയുടെ ജന്മദിനംകൂടിയായിരുന്നു അന്ന്. "എന്തിനാണ് പപ്പാ അവർ എന്റെ ഡാഡിയെ വെടിവച്ചത്?" "എവിടെയാണ് എന്റെ ഡാഡി" എന്ന കുട്ടിയുടെ ചോദ്യം ഹൃദയഭേദകമായിരുന്നു.'- സീനിയർ ബ്ലേക്ക് പറയുന്നു.

 ബ്ളേക്കിന്റെ കയ്യിൽ കത്തിയുണ്ടായിരുന്നെന്ന് പൊലീസ്
കെനോഷ പൊലീസ് സ്റ്റേഷനിലെ റസ്റ്റിൻ ഷെസ്കി എന്ന ഉദ്യോഗസ്ഥനാണ് ബ്ലേക്കിനെ വെടിവച്ചത്. തന്റെ കാമുകൻ ശല്യപ്പെടുത്തുന്നതായി ഒരു സ്ത്രീ വിളിച്ച് അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്. ഈ സ്ത്രീയുടെ വ്യക്തിവിവരങ്ങൾ ലഭ്യമല്ല. തുടർന്ന് ബ്ലേക്കിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അദ്ദേഹം കാറിനടുത്തേക്ക് നീങ്ങി. തുടർന്നാണ് വെടിവയ്പുണ്ടായത്. തന്റെ കയ്യിൽ കത്തിയുണ്ടായിരുന്നതായി ബ്ലേക്ക് സമ്മതിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്നും ഈ കത്തി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. എന്നാൽ എന്തിനാണ് ബ്ലേക്കിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ബ്ലേക്ക് കത്തി ഉപയോഗിക്കാൻ ശ്രമിച്ചോ എന്നും വ്യക്തമല്ല.