കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല, ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി തുടക്കമിട്ട 'വണ്ടർ കിച്ചൻ" എന്ന സംരംഭത്തിന്റെ മൂന്നാമത്തെ ക്ളൗഡ് കിച്ചൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കാക്കനാട് സൺറൈസ് ഹോസ്‌പിറ്റലിന് സമീപത്തായുള്ള ഔട്ട്‌ലെറ്റ്, വണ്ടർല ഹോളിഡെയ്സ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും വി-സ്‌റ്റാർ മാനേജിംഗ് ഡയറക്‌ടർ ഷീല കൊച്ചൗസേപ്പും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
വണ്ടർല ഹോളിഡെയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ്, ഡയറക്‌ടർ അഞ്ജലി നായർ, വണ്ടർല കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യ രണ്ട് ഔട്ട്‌ലെറ്റുകളും ബംഗളൂരുവിലാണ്. വെജ്, നോൺ-വെജ് വിഭവങ്ങൾ വണ്ടർ കിച്ചനിൽ ലഭിക്കും. ഉപഭോക്താക്കൾക്ക് അവ നേരിട്ട് വാങ്ങാം. ഓർഡർ അനുസരിച്ച് അഞ്ചു കിലോമീറ്ററിനുള്ളിൽ സൗജന്യമായി ഡെലവറിയും ചെയ്യും. സ്വിഗ്ഗി, സൊമാറ്റോ വഴിയും ഓർഡർ ചെയ്യാം. രാവിലെ 11.30 മുതൽ രാത്രി 9 വരെയാണ് കിച്ചന്റെ സമയം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വണ്ടർ കിച്ചൻ പ്രവർത്തിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. കൊച്ചിയിലും ഹൈദരാബാദിലുമായി വരും മാസങ്ങളിൽ കൂടുതൽ കിച്ചനുകൾ തുറക്കുമെന്ന് ജോർജ് ജോസഫ് പറഞ്ഞു. ചെറിയ പാർട്ടികൾ, ജന്മദിന ആഘോഷങ്ങൾ തുടങ്ങിയവയ്ക്കും ഓർഡർ അനുസരിച്ച ഭക്ഷണം ഡെലിവറി ചെയ്യും. ഫോൺ : 75920 72000, 75920 73000