yatheendradas

തൃശൂർ: കലാമൂല്യമുള്ള സിനിമയോടൊപ്പം സഞ്ചരിച്ച ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് (74) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ 3.40 നായിരുന്നു അന്ത്യം. കാൻസർ ബാധിതനായ അദ്ദേഹത്തിന് ന്യൂമോണിയ പിടിപെട്ടിരുന്നു. ഇന്നലെ പുലർച്ചെ നില ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.

സായ്‌കുമാർ അഭിനയിക്കുന്ന ഉൾക്കനൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ഡബ്ബിംഗ് പുരോഗമിക്കുന്നതിനിടെയാണ് രോഗം മൂർച്ഛിച്ചത്. ചെന്നൈയിൽ നിന്ന് 22നാണ് യതീന്ദ്രദാസ് തൃശൂരിലെത്തിയത്. മുത്രത്തിക്കര സ്വദേശിയായ യതീന്ദ്ര ദാസിന് ചെറുപ്പം മുതലേ കലാമൂല്യമുള്ള സിനിമകളോടായിരുന്നു പ്രിയം. എ.വിൻസെന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി.കെ.പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധികാലം സഹസംവിധായകനായിരുന്നു. ജോൺ എബ്രഹാം അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

യതീന്ദ്രദാസിന്റെ ഓമനത്തിങ്കൾ എന്ന ചിത്രം ജർമ്മൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് അഞ്ജു മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി. ഒടുവിൽ കിട്ടിയ വാർത്തയാണ് മറ്റൊരു സിനിമ. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. ഭാര്യ: നിമ്മി. സഹോദരങ്ങൾ: മോഹൻദാസ്, ദേവദാസ്, സൂര്യാഭായ്, കിരൺദാസ്.