മുഖത്ത് ചുളിവുകൾ ഇല്ലാതെ എന്നും യുവത്വമായി ഇരിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ കുറവാണ്. ഇതിനായി ആയിരക്കണക്കിന് രൂപ മുടക്കി പല തരത്തിലുള്ള ക്രീമുകൾ വാങ്ങിക്കൂട്ടുന്നവർ ചില്ലറയല്ല. ഇപ്പോൾ കൊറിയൻ സുന്ദരിമാരുടെ ' ഗ്ലാസ് സ്കിൻ ' ട്രെൻഡിംഗാണ്. പാടുകളോ കുരുക്കളോ ചുളിവുകളോ ഇല്ലാത്ത തിളങ്ങുന്ന മുഖത്തിന്റെ കൊറിയൻ രഹസ്യം തിരക്കി ഇന്റർനെറ്റിൽ പരതുന്നവർ നിരവധിയാണ്. സൗത്ത് കൊറിയക്കാർ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ആന്റി - ഏജിംഗ് ' സീക്രട്ട് ഏജന്റ് ' ആരാണെന്നറിയാമോ ? അത് ഒച്ചാണ്. !
പക്ഷേ, പാവം ഒച്ചിനെ ഇതിനായി കൊല്ലുകയൊന്നുമില്ല കേട്ടോ. ഒച്ചിൽ നിന്നും സ്രവിക്കുന്ന പശമയമുള്ള ദ്രവമില്ലേ, അത് മാത്രമാണ് ചുളിവുകളെ അകറ്റി യുവത്വം നിലനിറുത്താൻ കൊറിയൻ സുന്ദരികൾ ആശ്രയിക്കുന്നത്. പ്രായത്തെ തടയുക മാത്രമല്ല, മുഖക്കുരുവിനെതിരെയും മുഖത്തെ നിറവ്യത്യാസം പരിഹരിക്കാനും ഒച്ചിന്റെ ദ്രവം സഹായിക്കും.
100 കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഒച്ചിന്റെ ദ്രവം ഉപയോഗിച്ചുള്ള പരമ്പരാഗത ചികിത്സാ വിധികൾ ചൈനയിലും മറ്റും നിലനിന്നിരുന്നു. ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് ഒച്ചിന്റെ ദ്രവം ഉത്തമ പരിഹാരമാണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിരുന്നു. ഒച്ചിന്റെ ദ്രവത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഘടകങ്ങൾ ചർമത്തിലെ കൊളാജന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചർമം ഈർപ്പമുള്ളതാക്കി മാറ്റുകയും ചുളിവുകൾ വരാതെ നോക്കുകയും ചെയ്യുന്നു. ഒച്ചിന്റെ ദ്രവത്തിൽ അടങ്ങിയിരിക്കുന്ന ഹയലുറോണിക് ആസിഡാണ് ത്വക്കിന്റെ ബാഹ്യ പാളിയിൽ ഈർപ്പം നിലനിറുത്താൻ സഹായിക്കുന്നത്. ഒട്ടുമിക്ക കൊറിയൻ ആന്റി - ഏജിംഗ് ജെല്ലുകളിലും ക്രീമുകളിലും ഒച്ചിന്റെ ദ്രവം അടങ്ങിയിരിക്കും. അതേ സമയം, ജെൽ രൂപത്തിൽ ശുദ്ധമായ ഒച്ചിന്റെ ദ്രവവും കൊറിയൻ മാർക്കറ്റുകളിൽ സുലഭമാണ്.