ആലുവ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയിലെ മാനദണ്ഡങ്ങൾ ഭൂരഹിത ഭവനരഹിതർക്ക് തിരിച്ചടിയാകുന്നു. കൃഷി ഭൂമി വാങ്ങാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശമാണ് അർഹത ലിസ്റ്റിലുള്ള പലരുടെയും വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായിരിക്കുന്നത്. ഇതേതുടർന്ന് നിരവധി പേർ പദ്ധതിയുടെ ആനുകൂല്യം കിട്ടാത്ത അവസ്ഥയിലാണ്.
റവന്യൂ രേഖയിൽ പുരയിടം എന്ന് രേഖപ്പെടുത്തിയ വസ്തു മാത്രമെ വാങ്ങാവൂയെന്ന നിബന്ധനയാണ് ലിസ്റ്റിലുള്ളവർക്ക് തിരിച്ചടിയായത്. സർക്കാർ നിർദേശ പ്രകാരം ഭൂമിയും വീടുമില്ലാത്ത കുടുംബാംഗങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന് ജനറൽ വിഭാഗത്തിന് പഞ്ചായത്തിൽ രണ്ട് ലക്ഷം, നഗരസഭയിൽ 2.70 ലക്ഷം, കോർപ്പറേഷനിൽ 5.25 ലക്ഷം എന്നിങ്ങനെയും എസ്.സി/എസ്.ടി.വിഭാഗത്തിന് പഞ്ചായത്തിൽ 2.25 ലക്ഷം, നഗരസഭയിൽ മൂന്ന് ലക്ഷം, കോർപ്പറേഷനിൽ ആറ് ലക്ഷം എന്നിങ്ങനെയുമാണ് നൽകുന്നത്. ഇതിൽ സ്ഥലം മൂന്ന് സെന്റിൽ കുറവാണ് വാങ്ങുന്നതെങ്കിൽ സ്ഥലത്തിന് ആനുപാതികമായി ലഭിക്കുന്ന തുകയിൽ കുറവ് വരും.
പഞ്ചായത്ത് അതിർത്തിയിൽ സെന്റിന് ലക്ഷങ്ങൾ വിലവരുമ്പോഴാണ് സർക്കാർ രണ്ട് ലക്ഷം നൽകുന്നത്. ഒരു സെന്റ് കരഭൂമി പോലും ഈ തുക കൊണ്ട് വാങ്ങാൻ സാധിക്കില്ലെന്നതാണ് വസ്തുത. നഗരസഭ, കോർപ്പറേഷൻ പരിധിയിൽ സർക്കാർ തരുന്ന തുകക്ക് സ്ഥലം സ്വപ്നം കാണാൻ പോലുമാകില്ല. ഈ സാഹചര്യത്തിൽ ലൈഫ് പദ്ധതിക്ക് കൃഷിഭൂമി വാങ്ങാമെന്ന തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ മാത്രമെ എല്ലാവർക്കും ഭവനം എന്ന പദ്ധതി സാക്ഷാത്ക്കരിക്കാനാകൂ. ഏക്കർ കണക്കിന് കൃഷിഭൂമി റിയൽ എസ്റ്റേറ്റ് ലോബികൾ വാങ്ങി നികത്തി വിൽപ്പന നടത്തുമ്പോൾ മൗനം പാലിക്കുന്ന ഭരണകൂടമാണ് നിർധനരെ വലക്കുന്ന നിയമം നീക്കാൻ വിമുഖത കാട്ടുന്നതെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിക്ക് നിവേദനം
പാവപ്പെട്ടവന് കൂര നിർമ്മിക്കുന്നതിന് മൂന്ന് സെന്റ് കൃഷിഭൂമി വാങ്ങുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന്
ജനറൽ വിഭാഗത്തിന്
പഞ്ചായത്തിൽ 2 ലക്ഷം
നഗരസഭയിൽ 2.70 ലക്ഷം
കോർപ്പറേഷനിൽ 5.25 ലക്ഷം
എസ്.സി/എസ്.ടി.വിഭാഗത്തിന്
പഞ്ചായത്തിൽ 2.25 ലക്ഷം
നഗരസഭയിൽ 3 ലക്ഷം
കോർപ്പറേഷനിൽ 6 ലക്ഷം