കോപ്‌ടൗൺ: 'ചെറുപ്പം മുതൽ എടുത്ത് വളർത്തിയ പെൺസിംഹങ്ങൾ' തങ്ങളുടെ സംരക്ഷനെ കടിച്ചുകീറി കൊലപ്പെടുത്തി.
സൗത്ത് ആഫ്രിക്കൻ വന്യജീവി സംരക്ഷകനായ വെസ്റ്റ് മാത്യുസൺ (69) ആണ് സ്വന്തം മക്കളെപ്പോലെ പരിപാലിച്ച സിംഹങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിലെ വടക്കൻ ലിംപോപോ പ്രവിശ്യയിലെ സ്വന്തം ഉടമസ്ഥതയിലുള്ള 'ലയൺ ട്രീ ടോപ്പ് ലോഡ്‌ജിന്റെ" പരിസരത്ത് വച്ചാണ് മാത്യുസണെ പൂർണ വളർച്ചയെത്തിയ ടാനർ, ഡെമി എന്നീ പെൺ സിംഹങ്ങൾ ആക്രമിച്ചത്.
രാവിലെ പ്രഭാതസവാരിക്കായി മാത്യൂസൺ സിംഹങ്ങളെ ഒപ്പം കൊണ്ടു പോകുന്നത് പതിവായിരുന്നു. സംഭവദിവസം കൂട്ടിൽ നിന്നും സിംഹങ്ങളെ പുറത്തിറക്കി കൊണ്ടുപോകുന്നതിനിടെ ഇവ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിൽ മാത്യുസണെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും, സിംഹങ്ങൾ കൂടുതൽ ആക്രമണകാരികളായതോടെ പിന്മാറേണ്ടി വന്നു.
ഒടുവിൽ മയക്കുവെടി വച്ചാണ് സിംഹങ്ങളെ മാറ്റിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ മാത്യുസൺ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണം നടത്തിയ സിംഹങ്ങളെ താത്ക്കാലികമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും വരും ദിവസങ്ങളിൽ ഉചിതമായ സ്ഥലം കണ്ടെത്തി ഇവയെ മാറ്റിപ്പാർപ്പിക്കുമെന്നും മാത്യുസണിന്റെ കുടുംബം വ്യക്തമാക്കി.
'അങ്കിൾ വെസ്‌റ്റ്" എന്ന പേരിലറിയപ്പെടുന്ന മാത്യുസൺ ഈ സിംഹങ്ങളെ വളരെ ചെറുപ്പത്തിൽ തന്നെ എടുത്ത് വളർത്തുകയായിരുന്നു. 2017ൽ ഇവ തങ്ങളുടെ കൂട് തകർത്ത് ഒരാളെ കൊന്നിരുന്നു.