mask
csk

ദുബായ് : ഐ.പി.എല്ലിനായി ദുബായ്‌യിലെത്തിയ ചെന്നൈ സൂപ്പർകിംഗ്സ് ടീമിലെ ഒരു കളിക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയുടെ സംഘത്തിൽ രോഗബാധിതനാകുന്ന 13-ാമത്തെയാളാണിത്. രണ്ടാമത്തെ കളിക്കാരനും.കഴിഞ്ഞ ദിവസം പോസിറ്റീവായ 12 പേരിൽ ഒരാൾ പേസർ ദീപക് ചഹറാണെന്ന് ക്ളബ് വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ പോസിറ്റീവായ കളിക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സപ്പോർട്ടിംഗ് സ്റ്റാഫിലുള്ളവരാണ് മറ്റ് രോഗബാധിതർ.

അതിനിടെ ടീമിനൊപ്പം ദുബായ്‌യിലെത്തിയിരുന്ന സുരേഷ് റെയ്ന പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് ടീമിന് മറ്റൊരു തിരിച്ചടിയായി. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന മടങ്ങുന്നതെന്ന് മാത്രമാണ് ക്ളബ് അറിയിച്ചത്. എന്നാൽ കാരണം എന്തെന്ന് വ്യക്തമാക്കിയതുമില്ല. ഇതേത്തുടർന്ന് പല അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഈ സീസണിൽ ഒരു മത്സരം പോലും റെയ്നയ്ക്ക് കളിക്കാൻ കഴിയില്ലെന്നാണ് സൂപ്പർ കിംഗ്സ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ടീമി​ലെ കൊവി​ഡ് ബാധയി​ൽ ഭയചകി​തനായാണ് താരം മടങ്ങി​യതെന്നാണ് സൂചന.

അതേസമയം സൂപ്പർ കിംഗ്സ് താരങ്ങൾക്ക് വേണ്ടി യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അഞ്ചുദിവസം ചെന്നൈയിൽ ക്യാമ്പ് സംഘടിപ്പിച്ചത് വിവാദമായി.മറ്റൊരു ക്ളബും പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നില്ല. യു.എ.ഇയിൽ ചെന്ന ശേഷം ക്യാമ്പ് സംഘടിപ്പിക്കാനായിരുന്നു ക്ളബ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ഒരാഴ്ച നേരത്തേ യു.എ.ഇയിലേക്ക് തിരിക്കാൻ ബി.സി.സി.ഐയോട് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റ് ടീമുകൾക്കൊപ്പം ആഗസ്റ്റ് 20ന് ശേഷം തിരിക്കാനാണ് ബി.സി.സി.ഐ അനുമതി നൽകിയത്. ഇതോടെയാണ് പോകുന്നതിന് അഞ്ചുദിവസം മുമ്പ് ക്യാമ്പ് തുടങ്ങിയത്. ഈ ക്യാമ്പിൽ വച്ചാണ് സ്വാതന്ത്ര്യദിനത്തിൽ ധോണിയും റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണിയുടെ നിർദ്ദേശപ്രകാരമാണ് ക്യാമ്പ് നടത്താൻ തീരുമാനിച്ചതെന്ന വിശദീകരണവുമായി ടീം സി.ഇ.ഒ രംഗത്തുവന്നിട്ടുണ്ട്. ദീർഘകാലമായി കളിക്കളത്തിൽ ഇറങ്ങാൻ കഴിയാതിരുന്ന തനിക്കും റെയ്നയ്ക്കും ജഡേജയ്ക്കുമൊക്കെ വേണ്ടിയാണത്രേ ധോണി ക്യാമ്പ് വേണമെന്ന് പറഞ്ഞത് . ഈ തീരുമാനത്തോടുള്ള അതൃപ്തി ബി.സി.സി.ഐ അധികൃതർ അറിയിച്ചിരുന്നതായും വിവരമുണ്ട്.

യു.എ.ഇയിലേക്കുള്ള യാത്രയ്ക്കിടെ ചെന്നൈ എയർപോർട്ടിൽ വച്ചോ ദുബായ് എയർപോർട്ടിൽ വച്ചോ ആകാം രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്നു. അതേസമയം മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ധോണിയും റെയ്നയുമടക്കമുള്ള താരങ്ങൾ എയർപോർട്ടിലും വിമാനത്തിനുള്ളിലുമിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെന്നൈ ടീം നിഷ്കർഷ പുലർത്താത്തത് ഐ.പി.എല്ലിന് തന്നെ ഭീഷണിയായത് ചൂണ്ടിക്കാട്ടി മറ്റ് ടീമുകൾ ബി.സി.സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് കഴിഞ്ഞ മാർച്ച്- ഏപ്രിൽ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ഐ.പി.എൽ സെപ്തംബർ 19 മുതൽ നടത്താനായി യു.എ.ഇയിലേക്ക് മാറ്റിയത്. ടീമുകളിലെ ഇന്ത്യൻ താരങ്ങളെല്ലാം എത്തിക്കഴിഞ്ഞു. വിദേശ താരങ്ങളും പരിശീലകരും എത്തിക്കൊണ്ടിരിക്കുന്നു. ചെന്നൈ ടീമിൽ നിന്നുള്ള വാർത്തകൾ വിദേശതാരങ്ങളിൽ ഭയം ജനിപ്പിച്ചതായി മറ്റ് ക്ളബുകൾ പരാതി പറയുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ ടൂർണമെന്റ് മാറ്റിവയ്ക്കേണ്ടതില്ലെന്നാണ് സംഘാടകരുടെ നിലപാട്.

റെയ്നയുടെ അടുത്ത ബന്ധുക്കൾ കുടുംബത്തോടെ ആക്രമിക്കപ്പെട്ടു

അമ്മാവൻ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ന്യൂഡൽഹി : സുരേഷ് റെയ്നയുടെ പിതാവിന്റെ സഹോദരിയും കുടുംബവും ആക്രമിക്കപ്പെട്ടതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ പഠാൻകോട്ടിൽ താമസിക്കുന്ന കുടുംബത്തിലെ അഞ്ച് പേരാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ പിതാവിന്റെ സഹോദരിയുടെ ഭർത്താവ് കൊല്ലപ്പെട്ടു. സഹോദരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു മക്കളുടെയും നില ഗുരുതരമാണ്. ഇതേത്തുടർന്നാണ് റെയ്ന യു.എ.എയിൽ നിന്ന് മടങ്ങിയതെന്ന് റിപ്പോർട്ടുണ്ട്. ഈ മാസം 19നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അർധരാത്രിയിൽ ഇവർക്കുനേരെ ആക്രമണം ഉണ്ടായതെന്ന് ‘ദൈനിക് ജാഗരൺ’ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ സാധിച്ചിട്ടില്ല. മാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.