മുംബയ്: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ നടി റിയ ചക്രവർത്തിയുടെ നിർണായക വെളിപ്പെടുത്തൽ പുറത്ത്. സുശാന്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസം റിയ സമ്മതിച്ചെങ്കിലും അതിൽ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു റിയയുടെ നിലപാട്. എന്നാൽ, തന്റെ മൊബൈലിൽ കണ്ടെത്തിയ മയക്കുമരുന്ന് സംബന്ധിച്ച ചാറ്റുകൾ താൻ നടത്തിയതാണെന്ന് നടി സമ്മതിച്ചതായി റിപ്പോർട്ട് പുറത്ത് വന്നു.
2019 നവംബർ 15ന് വാട്സാപ്പിലൂടെ സിദ്ധാർത്ഥ് പിത്താനി, ആയുഷ്, അശോക്, സാമുവൽ മിറാൻഡ തുടങ്ങിയവരുമായി റിയ ചാറ്റ് നടത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ജയ ഷായുമായി റിയ നടത്തിയ ചാറ്റിൽ സി.ബി.ഡി എന്ന ലഹരിമരുന്ന് സുശാന്തിന്റെ കോഫിയിൽ കലർത്തി നൽകാനും നിർദ്ദേശമുണ്ട്. ചോദ്യം ചെയ്യലിൽ ജയ അത് സമ്മതിച്ചതായും വിവരമുണ്ട്.
ലഹരി മരുന്നുകൾ, കഞ്ചാവ് ചേർത്തുണ്ടാക്കുന്ന സിഗരറ്റായ ഡൂബീസ് തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഇവർ മറ്റുള്ളവരുമായി ചാറ്റ് നടത്തിയിരിക്കുന്നത്. ഇതിന്റെയൊക്കെ സ്ക്രീൻ ഷോട്ടുകൾ ഇന്റർനെറ്റിൽ വൈറലായി. സംഭാഷണങ്ങൾ കണ്ട് സുശാന്തിന്റെ സഹോദരി 'എന്താണിവിടെ നടക്കുന്നത്? സുശാന്തിന്റെ കേസിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യൂ.' എന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ,ഗോവയിലെ അഞ്ചുവാനയിൽ റിസോർട്ട് നടത്തുന്ന ഗൗരവ് ആര്യയുമായും റിയയും സുശാന്തും മയക്കുമരുന്നുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗൗരവിനെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും.
റിയയെ വീണ്ടും ചോദ്യം ചെയ്യുന്നു
റിയ ചക്രവർത്തിയെ രണ്ടാം ദിവസവും സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10 ന് റിയ ഡി.ആർ.ഡി.ഒ ഗസ്റ്റ്ഹൗസിൽ എത്തി. നടി അടുത്തിടെ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിയുന്നതെന്നാണ് വിവരം. അതോടൊപ്പം മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തനിക്കും കുടുംബത്തിനും വധ ഭീഷണിയുണ്ടെന്ന് റിയ കഴിഞ്ഞ ദിവസം പറഞ്ഞതിനെ തുടർന്ന് പൊലീസ് അകമ്പടിയിലാണ് താരവും സഹോദരൻ ഷോയിക് ചക്രവർത്തിയും എത്തിയത്.
രണ്ടുപേർ അറസ്റ്റിൽ
റിയ ചക്രവർത്തിക്ക് എതിരായ മയക്കുമരുന്ന് കേസിൽ രണ്ട് പേരെ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. നഗരത്തിലും സിനിമ, സീരിയൽ മേഖലകളിലും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവർ. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
റിയയ്ക്ക് എതിരായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അവരുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധം കണ്ടെത്തിയത്. റിയ നീക്കംചെയ്ത വാട്സാപ്പ് ചാറ്റുകൾ ഇ.ഡി വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഇ.ഡി വിവരങ്ങൾ കൈമാറുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം എൻ.ഡി.പി.എസ് നിയമത്തിലെ 20,22,27,29 വകുപ്പുകൾ പ്രകാരം എൻ.സി.ബി കേസെടുക്കുകയുമായിരുന്നു.