ന്യൂഡൽഹി: കൊവിഡ് രോഗപരിശോധനാ ഫലം നെഗറ്റീവ് ആയശേഷവും ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ആശുപത്രിയിൽ ചികിത്സ തുടർന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ തന്നെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ. ഡൽഹി എയിംസിലെ അധികൃതരാണ് ഈ വിവരം അറിയിച്ചത്.
രോഗത്തിൽ നിന്നും അമിത് ഷാ പൂർണമായും മുക്തി നേടിയെന്നും എയിംസ് ചെയർപേഴ്സൺ ആർതി വിജ് അറിയിച്ചു. അദ്ദേഹം ആശുപത്രിയിൽ നിന്നും തന്റെ ചുമതകൾ നിർവഹിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഈ മാസം രണ്ടാം തീയതിയാണ് അമിത് ഷായ്ക്ക് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്.
തുടർന്ന് ആഗസ്റ്റ് 14ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം വീണ്ടും, ആഗസ്റ്റ് 18ന് ഷായെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങളായി തുടർന്ന, ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കാരണമാണ് കൊവിടാനന്തര ചികിത്സയ്ക്കായി അദ്ദേഹം വീണ്ടും ആശുപത്രിയിൽ എത്തിയത്.