കൊളംബോ: ചൈനയൊരുക്കിയ കടംകൊടുക്കൽ കെണിയിൽ വീണ് ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച ശ്രീലങ്കയ്ക്ക് മനം മാറ്റം. ഇനിമുതൽ ശ്രീലങ്കൻ വിദേശ നയം 'ഇന്ത്യ ഫസ്റ്റ്" എന്ന സമീപനത്തിൽ അധിഷ്ഠിതമായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ശ്രീലങ്കൻ വിദേശകാര്യ സെക്രട്ടറി. ശ്രീലങ്കയിൽ ചൈനീസ് സ്വാധീനം വർദ്ധിക്കുന്നുവെന്ന ആശങ്ക നിലനിൽക്കെയാണ് ലങ്കൻ വിദേശകാര്യ സെക്രട്ടറി അഡ്മിറൽ ജയനാഥ് കൊളംബഗെ ഇന്ത്യയ്ക്ക് അനുകൂലമായ വിദേശനയം പ്രഖ്യാപിച്ചത്.ശ്രീലങ്കയിൽ ചൈനയുടെ സാന്നിദ്ധ്യം സംബന്ധിച്ച് ന്യൂഡൽഹിയുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും തങ്ങളുടെ മണ്ണിൽ നിന്നും ഇന്ത്യയ്ക്കെതിരെ ഒരു നടപടിക്കും തങ്ങൾ അവസരം നൽകില്ലെന്നും അടുത്തിടെ നിയമിതനായ വിദേശകാര്യ സെക്രട്ടറി ജയനാഥ് വ്യക്തമാക്കി. ആഗസ്റ്റ് 14നാണ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ, അഡ്മിറൽ കൊളംബഗെയെ വിദേശകാര്യ വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നത്. സൈനിക പശ്ചാത്തലമുള്ള ഒരാൾ ശ്രീലങ്കയിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്നത് ആദ്യമായാണ്. ചുമതലയേറ്റ ശേഷം ഒരു രാജ്യാന്തര മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കൊളംബഗെ ഇന്ത്യ അനുകൂല വിദേശനയം അറിയിച്ചത്.'ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ല' എന്ന് സ്പഷ്ടമായി ഈ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. 'ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമാകുന്ന യാതൊരു നടപടിയും ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ്. ഇന്ത്യ ആറാമത്തെയും. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതായത് രണ്ട് സാമ്പത്തിക വമ്പന്മാർക്കിടയിലാണ് ശ്രീലങ്കയുള്ളത്. മറ്റൊരു രാജ്യത്തിന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാനുള്ള കേന്ദ്രമായി ശ്രീലങ്കയെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കില്ല'- കൊളംബഗെ പറഞ്ഞു. ഹംബട്ടോട്ട തുറമുഖ നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകി ഒടുവിൽ രാജ്യത്തിന് തന്നെ ബാദ്ധ്യതയായ അവസ്ഥ ചൈനയിൽ നിന്നും ശ്രീലങ്കയ്ക്കുണ്ടായിരുന്നു. ഒടുവിൽ തുറമുഖത്തിന്റെ പ്രവർത്തനത്തിനുള്ള അവകാശം ചൈനയ്ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി. 2017 ൽ ശ്രീലങ്ക 99 വർഷത്തെ പാട്ടത്തിന് ഹംബട്ടോട്ട തുറമുഖം ചൈനയ്ക്ക് കൈമാറി. ഇതോടെയാണ് ഇടക്കാലത്തെ ചൈന പ്രേമം വിട്ടെറിഞ്ഞ് ഇന്ത്യയോട് അടുക്കാൻ ശ്രീലങ്ക തീരുമാനിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ മുന്നറിയിപ്പും ചൈനയ്ക്ക് പ്രഹരമാവും. ഇന്ത്യയ്‌ക്കെതിരെ പ്രതിരോധ ആവശ്യങ്ങൾക്ക് തങ്ങളുടെ മണ്ണിൽ അനുവാദം ലഭിക്കില്ലെന്ന് ഇതിലൂടെ രാജ്യം വ്യക്തമാക്കുന്നു.