തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് മറ്റൊരു തെറ്റുതിരുത്തലാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സർക്കാർ നടപ്പാക്കുകയും സി.പി.എം നഖശിഖാന്തം എതിർക്കുകകയും ചെയ്ത ശേഷം നടപ്പാക്കിയവയാണ് സ്വാശ്രയ കോളജുകൾ, ഓട്ടോണമസ് കോളജുകൾ തുടങ്ങിയ നിരവധി പരിപാടികൾ.
കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ കാര്യത്തിൽ തങ്ങളുടെ വിഹിയം 14% ആയി ഉയർത്തിയിരുന്നു. ജീവനക്കാർ 10% അടച്ചാൽ മതി. അതുപോലെ സംസ്ഥാന സർക്കാരും പെൻഷൻ പദ്ധതിയിൽ തങ്ങളുടെ വിഹിതം 10ൽ നിന്ന് 14% ആയി ഉയർത്തി സംസ്ഥാന സർക്കാർ ജീവനക്കാരോട് ആത്മാർത്ഥത കാണിക്കണമെന്നും ഉമ്മൻ ചാണ്ടി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇടതുസർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരം കൈയിൽ കിട്ടിയപ്പോൾ പക്ഷേ പഴയ ശുഷ്‌കാന്തി കാട്ടിയില്ല. ജീവനക്കാർ നിരന്തരം മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയപ്പോൾ, 2018ൽ റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനായി മൂന്നംഗസമിതിയെ നിയോഗിച്ചു. സമിതിയുടെ നടപടികൾ തുടരുമ്പോഴാണ് ഇതിന്മേൽ സർക്കാർ വിജ്ഞാപനം ഇറക്കിയത്.