cm-pinarayi-vijayan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 'പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട്' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മുൻപ് പരാമർശിച്ചത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഉദ്ദേശിച്ചുകൊണ്ടാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഏത് വ്യക്തിയെ ഉദ്ദേശിച്ചു എന്നത് പ്രസക്തമല്ല എന്നും കേസ് സംബന്ധിച്ച് തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് പോകുമ്പോൾ അത് ഏതെല്ലാം തരത്തിൽ തിരിച്ചുവരാൻ അല്ലെങ്കിൽ തിരിഞ്ഞു പോകാൻ ഇടയുണ്ട് എന്ന തോന്നലിലാണ് താനത് പറഞ്ഞതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ആരെയും വ്യക്തിപരമായി മനസ്സിൽ വച്ചുകൊണ്ട് താൻ അക്കാര്യം പറഞ്ഞതല്ല എന്നും സാധാരണഗതിയിൽ ഉള്ള അന്വേഷണം നടന്നാൽ യഥാർത്ഥ കുറ്റവാളികളിലേക്ക് എത്തുമെന്നത് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളായിട്ടുള്ളവരും അന്വേഷണത്തിന് വിധേയരായിട്ടുള്ളവരും ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അത് ആ വഴിക്ക് നടക്കട്ടെ. അതിന്റെ ഭാഗമായ ആളുകൾ ആരാണെന്നുള്ളത് പുറത്തുവരട്ടെ. മുഖ്യമന്ത്രി പറഞ്ഞു.

സ്വർണം കടത്താൻ ഉപയോഗിച്ച ബാഗ് ഡിപ്ലോമാറ്റിക് ബാഗല്ല എന്ന വി. മുരളീധരന്റെ പരാമർശവും ബാഗ്‌ നയതന്ത്ര ബാഗല്ല എന്ന് പറയണമെന്ന് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഉപദേശിച്ചതും തമ്മിൽ ബന്ധമുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കൂടിയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

സി.പി.എം - ബി.ജെ.പി അന്തർധാര സജീവമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പരിഹാസരൂപേണയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന് ചില സമയങ്ങളിൽ എന്താണ് പറയേണ്ടതെന്ന് പിടികിട്ടില്ലെന്നും അതിന്റെ ഭാഗമായുള്ള പല വർത്തമാനങ്ങളും അദ്ദേഹം പറയാറുണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത്.