ന്യൂഡൽഹി : കായിക ദിനമായ ഇന്നലെ ദേശീയ കായിക പുരസ്കാരങ്ങളായ ഖേൽരത്ന ,അർജുന,ദ്രോണചാര്യ തുടങ്ങിയവ വിർ്വലായി വിതരണം ചെയ്തു. സാധാരണ ഗതിയിൽ രാഷ്ട്രപതി ഭവനിലെ അശോക ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. ഇത്തവണ കൊവിഡ് സാഹചര്യം പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ നിന്ന് വീഡിയോ കോൺഫറൻസിൽ വരികയും വ്യത്യസ്ത നഗരങ്ങളിലെ ഒമ്പത് സായ് സെന്ററുകളിലായി പുരസ്കാര ജേതാക്കൾ അണിനിരക്കുകയും ചെയ്തു.
74 പുരസ്കാര ജേതാക്കളിൽ 59 പേർ അവാർഡ് ഏറ്റുവാങ്ങി. കോവിഡ് പോസിറ്റീവ് ഉൾപ്പെടെയുള്ള പല കാരണങ്ങൾ കൊണ്ടാണ് 14 താരങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.ദ്രോണാചാര്യയ്ക്ക് അർഹനായ കോച്ച് പുരുഷോത്തം റായ് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.
മലയാളി ഒളിമ്പ്യൻ ജാൻസി ഫിലിപ്പ് ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് ഇന്നലെ ഏറ്റുവാങ്ങി. ബംഗ്ളുരു സായ് സെന്റിൽ നടന്ന ചടങ്ങിലാണ് ജിൻസി വിർച്വലായി അവാർഡ് ഏറ്റുവാങ്ങിയത്. 2000 സിഡ്നി ഒളിമ്പിക്സിൽ ഇന്ത്യൻ റിലേ ടീമിൽ മത്സരിച്ചിരുന്ന ജിൻസി ഏഷ്യൻ ഗെയിംസിലും ലോക പൊലീസ് മീറ്റിലും സ്വർണമെഡലുകൾ നേടിയിട്ടുണ്ട്.
അവാർഡ് തുകയിൽ വൻ വർദ്ധന
ഈ വർഷം മുതൽ ദേശീയ കായിക അവാർഡുകളുടെ തുകയിൽ വൻ വർദ്ധനവ് വരുത്തിയതായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു. ഇതനുസരിച്ച് 7.5 ലക്ഷം രൂപയായിരുന്ന ഖേൽരത്ന പുരസ്കാരം 25 ലക്ഷം രൂപയാക്കി ഉയർത്തി. അർജുന അവാർഡ് അഞ്ചുലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി.ആജകവനാന്ത സംഭാവനയ്ക്കുള്ള ദ്രോണാചാര്യ അഞ്ചുലക്ഷത്തിൽ നിന്ന് 15 ലക്ഷമായും റെഗുലർ കോച്ചുമാർക്കുള്ള ദ്രോണാചാര്യ 10 ലക്ഷമായും ഉയർത്തി.ധ്യാൻചന്ദ് പുരസ്കാരം അഞ്ചുലക്ഷത്തിൽ നിന്ന് പത്താക്കി. 2008ലാണ് ഇതിനുമുമ്പ് അവാർഡ് തുക പരിഷ്കരിച്ചിരുന്നത്.
കണ്ണീരോർമ്മയായി
പുരുഷോത്തം റായ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് തലേരാത്രിയാണ് അത്‌ലറ്റിക്സ് കോച്ച് പുരുഷോത്തം റായ് മരണത്തിന് കീഴടങ്ങിയത്. 80കാരനായ റായ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു എന്ന് കുടുബാംഗങ്ങൾ പറഞ്ഞു. ബംഗ്ളുരു സായ് സെന്റിൽ നിശ്ചയിച്ചിരിക്കുന്ന കായിക അവാർഡുകളുടെ വിർച്വൽ ദാനച്ചടങ്ങിൽ പങ്കെടുക്കാൻ കൊവിഡ് പരിശോധനയും നടത്തി കാത്തിരുന്നതാണ്.റോസക്കുട്ടി,അശ്വിനി നാച്ചപ്പ,ജി.ജി പ്രമീള,മുരളിക്കുട്ടൻ,ജെയ്സി തോമസ് തുടങ്ങിയ താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.
പി.പി.ഇ കിറ്റ് ധരിച്ച്
റാണി രാംപാൽ
ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്ടൻ റാണി രാംപാൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം സ്വീകരിക്കാനായി ബെംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെന്ററിലെത്തിയത് പി.പി.ഇ കിറ്റ് ധരിച്ചാണ്.കൊവിഡ്-19 സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് റാണി സാരിക്ക് മുകളിൽ പി.പി.ഇ കിറ്റ് ധരിച്ചെത്തിയത്. ബെംഗളൂരുവിലെ ദേശീയ ക്യാമ്പിലായിരുന്നു റാണി രാംപാൽ. അവിടെ നിന്ന് സായ് സെന്ററിലെത്തുകയായിരുന്നു.