ലക്നൗ: റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയേയും മകനേയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപമുളള റെയിൽവേ കോളനിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഡ്‌റൂമിൽ തന്നെയാണ് അമ്മയുടെയും മകന്റെയും മൃതദേഹം കിടന്നിരുന്നത്.
പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമ ദൃഷ്ടിയിൽ വീട്ടിൽ മോഷണ ശ്രമം ഉണ്ടായതായി കാണുന്നില്ലെന്നും, മരണം നടന്നിട്ട് ദിവസങ്ങളായതായും പൊലീസ് കമ്മീഷണർ പാണ്ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ഫോറൻസിക്ക് പരിശോധന നടത്തിയതായും ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അവസ്തി സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് ഡോഗ് സ്വകാഡുകൾ ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി.