അദാനി ഗ്രൂപ്പിന് ഓഹരി കൈമാറാനുള്ള ജി.വി.കെ ഗ്രൂപ്പിന്റെ നീക്കം കരാർ ലംഘനമെന്ന് കൺസോർഷ്യം
മുംബയ്: മുംബയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (മിയാൽ) ഓഹരികൾ ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിന് വിലങ്ങിട്ട് നിക്ഷേപക കൺസോർഷ്യം. മിയാലിന്റെ നടത്തിപ്പുകാരായ ജി.വി.കെ ഗ്രൂപ്പിന്റെ 50.5 ശതമാനം ഓഹരികളും ന്യൂനപക്ഷ ഓഹരി ഉടമകളായ എയർപോർട്‌സ് കമ്പനി സൗത്ത് ആഫ്രിക്ക (അക്‌സ), ബിഡ് സർവീസസ് ഡിവിഷൻ മൗറീഷ്യസ് (ബിഡ്‌വെസ്‌റ്റ്) എന്നിവയുടെ 23.5 ശതമാനം ഓഹരികളും ഏറ്റെടുക്കാനായിരുന്നു അദാനി ഗ്രൂപ്പിന്റെ നീക്കം.
എന്നാൽ, അദാനിക്ക് ഓഹരി വിൽക്കാനുള്ള ജി.വി.കെയുടെ നീക്കം കരാർ ലംഘനമാണെന്ന് കാട്ടി, മിയാലിന്റെ നിക്ഷേപക കൺസോർഷ്യത്തിലെ അഗംങ്ങളായ അബുദാബി ഇൻവെസ്‌റ്റ്മെന്റ് അതോറിറ്റി (അദിയ), കാനഡയിലെ പബ്ളിക് സെക്‌ടർ പെൻഷൻ (പി.എസ്.പി), ഇന്ത്യയിലെ നാഷണൽ ഇൻവെസ്‌റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ട് (എൻ.ഐ.ഐ.എഫ്) എന്നിവ ജി.വി.കെ ഗ്രൂപ്പിന് വക്കീൽ നോട്ടീസ് അയച്ചു.
ജി.വി.കെയ്ക്കും മിയാലിനും വായ്‌പ നൽകിയ ബാങ്കുകളുടെ മേധാവികൾക്കും കൺസോർഷ്യം നോട്ടീസ് അയച്ചിട്ടുണ്ട്. ജി.വി.കെ എയർപോർട്ട് ഹോൾഡിംഗ്‌സിന്റെ 79 ശതമാനം ഓഹരികൾ 7,614 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ജി.വി.കെയുമായി കൺസോർഷ്യം കരാറിലെത്തിയിരുന്നു. ഇതു ലംഘിച്ചാണ് ഇപ്പോൾ അദാനിക്ക് ഓഹരി വിൽക്കാനുള്ള നീക്കമെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. കരാറിന് 2021 ജനുവരി 27 വരെ കാലാവധിയുണ്ടെന്നും ഇക്കാലയളവിൽ മറ്റ് നിക്ഷേപകർക്ക് ഓഹരി വിൽക്കാൻ ജി.വി.കെയ്ക്ക് നിയമപരമായി കഴിയില്ലെന്നും നോട്ടീസിലുണ്ട്.
എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, കനറാ ബാങ്ക്, എക്‌സിം ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ 7,500 കോടി രൂപയും യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, ഗോൾഡ്മാൻ സാച്‌സ് എന്നിവ 5,200 കോടി രൂപയുമാണ് വായ്പ നൽകിയത്.