മരിച്ച് കഴിഞ്ഞാൽ എങ്ങനെയായിരിക്കും എന്ന് ആരെങ്കിലും ജീവിച്ചിരിക്കുമ്പോൾ ചിന്തിക്കാറുണ്ടോ? എന്നാൽ അതിനൊരു അവസരമുണ്ട്. എന്നുമാത്രമല്ല, സ്വന്തം ശവസംസ്കാരത്തിലും പങ്കെടുക്കാം!. സംഗതി പക്ഷേ, ഇവിടെയൊന്നുമല്ല, അങ്ങ് ദക്ഷിണ കൊറിയയിലാണെന്ന് മാത്രം. 2012ൽ ആരംഭിച്ചതു മുതൽ 25,000ത്തിലധികം ആളുകൾ ഇതിനകം ദക്ഷിണ കൊറിയയിലെ 'ജീവനുള്ളവരുടെ ശവസംസ്കാര'ത്തിൽ പങ്കെടുത്തിട്ടുണ്ട്.
“നിങ്ങൾ മരണത്തെക്കുറിച്ച് ബോധവാന്മാരായിക്കഴിഞ്ഞാൽ, അത് ജീവിതത്തിൽ ഒരു പുതിയ സമീപനം എടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.” തന്റെ ശവസംസ്കാരത്തിൽ പങ്കെടുത്ത ചോ ജെയ്-ഹീയ്ക്ക് പറയാനുള്ളത് ഇതാണ്. ചോ താമസിക്കുന്ന വൃദ്ധ മന്ദിരമാണ് 'സംസ്കാര പരിപാടി' നടത്തിയത്. കൗമാരക്കാർ മുതൽ വിരമിച്ചവർ വരെ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനായി പ്രത്യേകം വസ്ത്രങ്ങൾ ധരിച്ചും, ശവസംസ്കാര ചിത്രങ്ങൾ എടുത്തും, അവസാന ആഗ്രഹങ്ങൾ രേഖപ്പെടുത്തിയും, അടച്ച ശവപ്പെട്ടിയിൽ 10 മിനിറ്റോളം കിടന്നും അവർ ചടങ്ങ് ഗംഭീരമാക്കി.
ശവപ്പെട്ടിയിലെ തന്റെ സമയം തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ചോയി ജിൻ-ക്യു പറഞ്ഞു. "പലപ്പോഴും മറ്റുള്ളവരെ എതിരാളികളായി കണ്ടാണ് ഞാൻ ജീവിച്ചിരുന്നത്. ഞാൻ ശവപ്പെട്ടിയിലായിരുന്നപ്പോൾ, എന്തിന് അങ്ങനെ കരുതി ജീവിക്കണമെന്ന് ഞാൻ ആശ്ചര്യപ്പെട്ടു,” “ചെറുപ്പത്തിൽതന്നെ മരണത്തെക്കുറിച്ച് പഠിക്കുകയും ജീവന്റെ വില മനസിലാക്കേണ്ടതും പ്രധാനമാണ്,” മരണത്തെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ അസാൻ മെഡിക്കൽ സെന്ററിലെ പാത്തോളജി വിഭാഗത്തിലെ പ്രൊഫസർ യു-സിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016 ൽ ദക്ഷിണ കൊറിയയുടെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിൽ ഇരുപതിലേറെ ആയിരുന്നു. ഇത് ആഗോള ശരാശരിക്ക് ഇരട്ടിയാണ്. ആഗോളതലത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ ശരാശരി ലക്ഷത്തിൽ 11 പേരാണ്. ശവസംസ്കാരങ്ങൾ നടത്തുന്ന കമ്പനിയായ ഹ്യുവോൺ ഇപ്പോൾ ജീവനുള്ളവരുടെ പ്രതീകാത്മക ശവസംസ്കാരം നടത്തുന്നുണ്ട്.