dangerous-pathogens-

ബീജിംഗ് : ചൈനയിലെ വിവാദ ലാബായ വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്നുള്ള കൊറോണ വൈറസ് ശാസ്ത്രജ്ഞർ 2015 മുതൽ പാകിസ്ഥാനിൽ മാരക വൈറസുകളുടെ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പ്രകാരമാണ് പാകിസ്ഥാനെ ചൈന തങ്ങളുടെ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നതത്രെ. ഓസ്ട്രേലിയൻ മാദ്ധ്യമമായ ദ ക്ലാക്സൺ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് മാരക വൈറസുകളെ പറ്റിയുള്ള പഠനത്തിനായി ചൈനയും പാകിസ്ഥാനും തമ്മിൽ പുതിയ കരാറിൽ ഏർപ്പെട്ടതായുള്ള വാർത്തകൾ പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് 2015 മുതൽ മാരക വൈറസുകളുടെ പരീക്ഷണം ചൈന പാകിസ്ഥാനിൽ നടത്തിയിരുന്നു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയരുന്നത്.

മനുഷ്യരിൽ മാരക രോഗങ്ങൾക്ക് കാരണമാകുന്നവയാണ് ഈ വൈറസുകളെന്നാണ് പറയപ്പെടുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരത്തിലുള്ള വൈറസുകളെ പറ്റി പഠനം നടത്തിയത് സംബന്ധിച്ച അഞ്ച് ഗവേഷണ പദ്ധതികളുടെ വിശദാംശങ്ങൾ പാക്, ചൈന ശാസ്ത്രജ്ഞർ 2017 ഡിസംബറിനും ഈ വർഷം മാർച്ച് 9നും ഇടയിൽ ശാസ്ത്ര പേപ്പറുകളിലൂടെ പുറത്തുവിട്ടിരുന്നു. ഈ വിശദാംശങ്ങളെ ക്ലാക്സൺ ചൈന - പാക് രഹസ്യ ഗവേഷണങ്ങൾക്ക് തെളിവായി ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ് നൈൽ വൈറസ്, മെർസ് - കൊറോണ വൈറസ് ( മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ), കോംഗോ വൈറസ്, ത്രോംബൊസൈറ്റോപെനിയ സിൻഡ്രോം വൈറസ്, ചിക്കുൻഗുനിയ വൈറസ് തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ജീനോം സീക്വൻസിംഗുമാണ് ചൈനയും പാകിസ്ഥാനും ചേർന്ന് നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വൈറസുകൾക്കൊന്നും തന്നെ ഇതുവരെ വാക്സിനും കണ്ടെത്തിയിട്ടില്ല.

പാകിസ്ഥാനിലെ സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലധികം പേരിൽ നിന്നും പരീക്ഷണങ്ങൾക്കായി രക്ത സാമ്പിളുകൾ ശേഖരിച്ചു. വിദൂര പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ നിന്നും മൃഗങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്നവരിൽ നിന്നുമാണ് രക്ത സാമ്പിളുകൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ നേതൃത്വത്തിൽ ജൈവായുധങ്ങൾ പരീക്ഷണം നടക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചും റിപ്പോർട്ടിൽ പറയുന്നു. വൈറസുകളെ കൈകാര്യം ചെയ്യാൻ പാകിസ്ഥാനി ശാസ്ത്രജ്ഞർക്ക് ചൈനീസ് ഗവേഷകർ പരിശീലനം നൽകുന്നുണ്ട്. ഇത്തരം ഗവേഷണങ്ങൾക്കിടെ മാരക വൈറസുകൾ അബദ്ധത്തിൽ പുറത്തുകടന്നാൽ പിന്നെ സംഭവിക്കാൻ പോകുന്നത് ഒരു ജൈവായുധ ദുരന്തം തന്നെയായിരിക്കും. ജൈവായുധം നിർമിച്ച് സൂക്ഷിക്കാൻ പാകിസ്ഥാനെ ചൈന തന്ത്രപൂർവം വിനിയോഗിക്കുകയാണത്രെ