മദ്യപിച്ച ആളുകൾക്ക് ധൈര്യം കുറച്ച് കൂടുതലാണ്. ആ ധൈര്യത്തിൽ പലതും കാണിക്കാറുമുണ്ട്. എന്നാൽ, സോർട്ടോ കോക്‌ടെയ്ൽ എന്ന മദ്യം കഴിക്കാൻ കുറച്ച് ധൈര്യം വേണം. കാരണം മദ്യത്തിൽ ഇട്ടുതരുന്നത് ഒരു മനുഷ്യന്റെ കാൽവിരലായിരിക്കും! കാനഡയിലെ യൂക്കോൺ പ്രദേശത്ത് 1973ലാണ് സോർഡോഫ് സലൂൺ എന്ന ബാർ സ്ഥാപിതമായത്. ഇവിടെ സോർട്ടോ കോക്‌ടെയ്ൽ ഓർഡർ ചെയ്യാം.
മദ്യത്തിൽ കാൽവിരൽ എങ്ങനെ വന്നുവെന്നല്ലേ. അതിനു പിന്നിൽ കഥയുണ്ട്. കുറച്ച് കാലപ്പഴക്കമുള്ള ഒരു കഥ. സംഭവം നടന്നത് 1920 കളിലാണ്. മദ്യം കള്ളക്കടത്ത് നടത്തിയ കഥയാണത്. ഖനിത്തൊഴിലാളികളായ ഓട്ടോയും ലൂയി ലിക്കനും 1920 കളിൽ റം കള്ളക്കടത്ത് നടത്തുകയായിരുന്നു. ഇവരെ ഒരു ദിവസം പൊലീസ് പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടയിൽ ലൂയിയുടെ കാൽവിരൽ തണുപ്പ് മൂലം മരവിച്ചുപോയി. അണുബാധ ഉണ്ടാകുന്നത് തടയാൻ ഓട്ടോ ആ കാൽ വിരൽ മുറിച്ച് മാറ്റി. അവർ ആ ഓർമയ്ക്കായി കാൽവിരൽ മദ്യകുപ്പിയിൽ സൂക്ഷിച്ചു.
50 വർഷത്തിനുശേഷം അത് കണ്ടെത്തിയപ്പോഴും കാൽവിരൽ അതിനുള്ളിൽ ഉണ്ടായിരുന്നു. പിന്നീട് “യഥാർത്ഥ യൂക്കോനർ” ആണെന്ന് തെളിയിക്കാൻ 1973 മുതൽ ആ വിരൽ ഇട്ട മദ്യം കുടിച്ച് കാണിക്കണം എന്നൊരു മത്സരം വന്നു. ഒറ്റയടിക്ക് കുടിച്ചാലും പ്രശ്നമില്ല, പതുകെ കുടിച്ചാലും വേണ്ടില്ല, പക്ഷേ ചുണ്ടുകൾ കാൽവിരലിൽ സ്പർശിക്കണം. എന്നാൽ വിരൽ വിഴുങ്ങരുത്. കുടിക്കുന്നയാൾ നിയമം പാലിച്ചാൽ ഒരു സർട്ടിഫിക്കറ്റും ലഭിക്കും.
ഒരു ലക്ഷം പേർ ഇതിനോടകം സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യകാലത്തെ വിരൽ 1980 കളിൽ നടന്ന ഒരു വെള്ളമടി മത്സരത്തിനിടെ മത്സരാർത്ഥി അറിയാതെ വിഴുങ്ങിപ്പോയി. ഈ മദ്യമുണ്ടാക്കാനായി വിരലുകൾ ഇപ്പോൾ ആളുകൾ ദാനം ചെയ്യുന്നുണ്ടത്രെ. അറിയാതെയായാലും വിരൽ വിഴുങ്ങിയാൽ വലിയ ഒരു തുക ഫൈൻ ആയി നൽകേണ്ടി വരും. 2017 ൽ ഒരു വിരൽ മോഷണം പോയെങ്കിലും പിന്നീട് തിരികെ കിട്ടി.