murder

ലക്നൗ: ലക്നൗവിലെ ഗൗതംപള്ളിയിൽ ഉന്നത റെയിൽവെ ഉദ്യോഗസ്ഥന്റെ ഭാര്യയേയും 20 വയസുള്ള മകനേയും 15കാരിയും നാഷണൽ ലെവൽ ഷാർപ്പ് ഷൂട്ടറുമായ മകൾ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ആർ.ഡി വാജ്‌പേയ്‌യുടെ ഭാര്യ മാൽതി (45) മകൻ സർവദത്ത് എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും എന്നാൽ, ബാത്റൂമിലെ കണ്ണാടിയിൽ അയോഗ്യരായ മനുഷ്യരെന്ന് പ്രതി കുറിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയ്ക്ക് മാനസികനില ശരിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പെൺകുട്ടിയുടെ കൈകളിലാകമാനം ബ്ലേഡ് കൊണ്ട് വരഞ്ഞ മുറിവുകൾ കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ടുണ്ട്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ സമീപത്താണ് സംഭവം നടന്നത്. സംസ്ഥാനത്തെ അതീവ സുരക്ഷ മേഖലയാണിത്. രാജ്ഭവനും, ഗവർണറുടെ ഔദ്യോഗിക വസതിയും ഇവിടെയാണ്. സംഭവം നടക്കുമ്പോൾ വാജ്പേയ് ജോലി സ്ഥലത്തായിരുന്നു.

കൃത്യം നടത്തിയ ശേഷം പ്രതി വീട്ടുജോലിക്കാരെ വിവരം അറിയിച്ചു. അവരാണ് പൊലീസിൽ അറിയിച്ചത്. അതേസമയം, സംഭവ സമയത്ത് ഒരു ജോലിക്കാരൻ വീട്ടിൽ ഉണ്ടായിരുന്നെന്നാണ് വിവരം. കൃത്യം നടത്താനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു.കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ലഖ്നൗ പൊലീസ് കമ്മിഷണർ സുജീത് പാണ്ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.