begum-jaan-serial

ദിസ്‌പൂർ: പ്രത്യേകവിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടെലിവിഷൻ സീരിയലായ 'ബീഗം ജാനിന്’ അസം പൊലീസ് രണ്ട് മാസം വിലക്കേർപ്പെടുത്തി. ഒരുമാസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി.

സീരിയൽ ഒരു മതവിഭാഗത്തിന്റെ താത്പര്യങ്ങളെ മുറിവേൽപ്പിച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതിനാൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർ‍ക്ക് (റെഗുലേഷൻ) ആക്ട്, 1995ന്റെ അടിസ്ഥാനത്തിൽ സീരിയലിന് രണ്ടു മാസത്തെ വിലക്കേർപ്പെടുത്തുകയാണെന്ന് ഗുവാഹത്തി പൊലീസ് കമ്മിഷണർ എം.പി.ഗുപ്ത 24ന് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

ഹിന്ദു ജാഗരൺ മഞ്ച്, അസം ബ്രാഹ്മിൺ യൂത്ത് കൗൺസിൽ, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം, ഗണജിത് അദികരിയെന്ന വ്യക്തി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു ജനജഗുരുതി സമിതി ജൂലായിൽ സീരിയലിനെതിരെ #BoycottBegumJaan, #BoycottRengoni എന്നീ ഹാഷ്‌ടാഗുകളിൽ സമൂഹമാദ്ധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചിരുന്നു.

അതേസമയം, വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് സീരിയൽ നിർമാതാക്കൾ വ്യക്തമാക്കി. മൂന്നു മാസങ്ങൾക്ക് മുൻപ് റംഗോണി ചാനലിൽ ആരംഭിച്ച സീരിയലിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. തനിക്കെതിരെ ഓൺലൈൻ വഴി പീഡന, വധ ഭീഷണികൾ ഉയർന്നിരുന്നുവെന്ന് സീരിയലിലെ നായിക പ്രീതി ഖോൻഘാന പറഞ്ഞു. സീരിയൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും അവർ തള്ളി.