lipstick

ചൈന: ചൈനയിലെ ലിപ് സ്റ്റിക് രാജകുമാരൻ, അതാണ് ലീ ജിയാക്കി എന്ന ഇരുപത്തിയേഴുകാരൻ. ചൈനയിലെ പ്രശസ്തനായ ഒരു ബ്യൂട്ടി വ്ളോഗറാണ് ലീ. ആഡംബര ബ്രാൻഡുകളിലുള്ള ലിപ് സ്റ്റിക് റിവ്യൂ ചെയ്യുന്നയാളാണ് കക്ഷി. 'കിംഗ് ഒഫ് ലിപ് സ്റ്റിക്' അല്ലെങ്കിൽ 'അയൺ ലിപ്സ്' എന്നാണ് ലീ ജിയാക്കിയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ചൈനയുടെ ടിക് ടോക് എന്നറിയപ്പെടുന്ന ഡോയുനിൽ 40 ദശലക്ഷം ആരാധകരാണുള്ളത്. ഇദ്ദേഹം ഒരു ലിപ് സ്റ്റിക് നല്ലതാണെന്ന് പറഞ്ഞാൽ പിന്നെ ആ ബ്രാൻഡിന് ശുക്രദശയാണ്. കാരണം നിമിഷ നേരത്തിനുള്ളിലാണ് മുഴുവൻ സ്റ്റോക്കും വിറ്റ് പോകുന്നത്. ഇതുകാരണം ലിപ് സ്റ്റിക് കമ്പനികൾ അദ്ദേഹത്തിന് മുന്നിൽ ക്യൂ നിൽക്കുകയാണ്.

ചൈനയിലെ യാഥാസ്ഥിതിക സമൂഹം ലീയുടെ കഴിവ് അംഗീകരിക്കുന്നില്ലെങ്കിലും അതൊന്നും കക്ഷിയുടെ വിജയത്തെ ലവലേശം ബാധിച്ചിട്ടില്ല.

നൂറുകണക്കിന് ലിപ് സ്റ്റിക്കുകളാണ് ഒരൊറ്റ വീഡിയോയിൽ അദ്ദേഹം പരീക്ഷിക്കുന്നത്. ചില ദിവസങ്ങളിൽ അത് 400 വരെയാകാറുണ്ട്. അങ്ങനെയാണ് അദ്ദേഹത്തിന് അയൺ ലിപ്സ് എന്ന പേര് വന്നത്. 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ മോഡലുകൾക്ക് ലിപ് സ്റ്റിക് ഇട്ടുകൊടുത്ത് ഗിന്നസ് റെക്കാഡ് ലീ സ്വന്തമാക്കിയിട്ടുണ്ട്. ചൈനയിലെ ഓൺലൈൻ വിപണന സൈറ്റ് ആയ ടൊബാവോയിൽ ലീ, ലിപ് സ്റ്റിക്കുകൾ വിൽക്കാൻ തുടങ്ങിയത് 2017ലാണ്.

15 മിനിട്ടിനുള്ളിൽ 15,000 ലിപ്സ്റ്റിക്കുകൾ വരെ വിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ചൈനീസ് ന്യൂസ് വീക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് മോശം റിവ്യൂ കിട്ടിയാൽ പിന്നെ ആ ബ്രാൻഡിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.