ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ വേലിക്ക് താഴെ തുരങ്കം ബി.എസ്.എഫ് കണ്ടെത്തി.
വ്യാഴാഴ്ച പെട്രോളിംഗിനിടെയാണ് ജമ്മുവിലെ സാംബ സെക്ടറിൽ ഇന്ത്യയുടെ ഭാഗത്തെ അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെ തുരങ്കം കണ്ടെത്തിയത്. ഭീകരർക്ക് നുഴഞ്ഞു കയറാനായി തയ്യാറാക്കിയതാണ് തുരങ്കമെന്നാണ് നിനഗമനം. ടണലിൽ നിന്ന് 400 മീറ്റർ മാത്രം അകലെയാണ് പാകിസ്ഥാന്റെ ബോർഡർ പോസ്റ്റ്.
തുരങ്കമുഖത്തിന് 25 അടി താഴ്ചയുണ്ട്. തുരങ്കമുഖം മണൽനിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകൾ വച്ച് മറച്ചിരിക്കയാണ്. ഈ ചാക്കുകളിൽ പാകിസ്ഥാൻ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കറാച്ചി, ശങ്കർഗഢ് എന്നിങ്ങനെയാണ് ചാക്കുകളിൽ എഴുതിയിരിക്കുന്നത്. ചാക്കുകളിൽ അവ നിർമിച്ച തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയുമുണ്ട്. ഇതു പ്രകാരം ഇവ ഈയടുത്താണ് നിർമിച്ചതെന്ന് മനസിലാക്കാമെന്ന് ബി.എസ്.എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന പറഞ്ഞു. ഇത്തരം നിർമിതികൾ മേഖലയിൽ ഇനിയുമുണ്ടോ എന്നറിയാൻ ബി.എസ്.എഫ് വ്യാപക പരിശോധന നടത്തി.
തുരങ്കം പാകിസ്ഥാനിൽ നിന്ന് ആരംഭിച്ച് സാംബയിൽ അവസാനിക്കുന്നതാകാമെന്ന് കരുതുന്നു. കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ദ്ധ്യത്തോടെയുമാണ് തുരങ്കം നിർമിച്ചിട്ടുള്ളത്. പാകിസ്ഥാനി റേഞ്ചർമാരുടെയും മറ്റ് ഏജൻസികളുടെയും അനുമതിയും സഹായവുമില്ലാതെ ഇത്തരത്തിൽ ഒരു വലിയ തുരങ്കം നിർമിക്കാൻ സാധിക്കില്ല.
'ആന്റി ടണൽ ഡ്രൈവ്'
ബി.എസ്.എഫിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ ഉടനീളം 'ആന്റി ടണൽ ഡ്രൈവ്' എന്ന പേരിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം പഞ്ചാബിൽ അതിർത്തിക്ക് സമീപം അഞ്ച് നുഴഞ്ഞുകയറ്റക്കാരെ സേന വധിച്ചിരുന്നു. 3,300 കിലോ മീറ്റർ നീളത്തിൽ ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന അതിർത്തിയിൽ സൈന്യം ജാഗ്രതയിലാണ്. ഭീകരർ നുഴഞ്ഞുകയറാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് ഭീകരർ അതിർത്തി കടന്നുള്ള ആയുധക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനുമായി മറ്റേതെങ്കിലും തുരങ്കം നിർമ്മിച്ചിട്ടുണ്ടോയെന്ന് റഡാറുകൾ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. ഇതിനു മുമ്പും സേന ജമ്മു അതിർത്തിയിൽ തുരങ്കം കണ്ടെത്തിയിട്ടുണ്ട്.